‘അന്വേഷണത്തിന് പോലും തയ്യാറാവാതെ വേട്ടക്കാരനൊപ്പം നില്‍ക്കുകയാണ് മന്ത്രി’: രഞ്ജിത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആഷിഖ് അബു
മന്ത്രി സജി ചെറിയാനെതിരെ നിര്‍മ്മാതാവ് സാന്ദ്ര തോമസ് രംഗത്തെത്തിയതിന് തൊട്ടുപിന്നാലെ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബുവും. രഞ്ജിത്തിനെ സംരക്ഷിച്ചുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവനകള്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് ചേരാത്തതെന്ന് ആഷിഖ് അബു പറഞ്ഞു. മന്ത്രിക്ക് രാഷ്ട്രീയ അജ്ഞതയാണെന്നും പാര്‍ട്ടി ക്ലാസ് കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ സംരക്ഷിച്ചുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവനകള്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് ചേരാത്തതാണ്. അന്വേഷണത്തിന് പോലും തയ്യാറാവാതെ വേട്ടക്കാരനൊപ്പം നില്‍ക്കുകയാണ് മന്ത്രി. ഇത് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടല്ല. തിരുത്തുമെന്നാണ് പ്രതീക്ഷ. മന്ത്രിക്ക് രാഷ്ട്രീയ അജ്ഞതയാണ്. പാര്‍ട്ടി ക്ലാസ് കൊടുക്കണം. തിരുത്താന്‍ തയ്യാറാവണം.
സംവിധായകന്‍ രഞ്ജിത്തിനെതിരായ ആരോപണ വിഷയത്തില്‍ രഞ്ജിത്തിനെ സംരക്ഷിച്ച മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി സാന്ദ്ര തോമസും രംഗത്തെത്തിയിരുന്നു. ലൈംഗികമായി ഒരു നടിയെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച രഞ്ജിത്തിനെ ‘മഹാപ്രതിഭ’ എന്ന് പറഞ്ഞ് സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മന്ത്രി രാജി വയ്ക്കണമെന്നാണ് സാന്ദ്രാ തോമസ് പറഞ്ഞത്. സാംസ്‌കാരിക മന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് അപമാനവുമാണെന്ന് സാന്ദ്രാ തോമസ് പ്രതികരിച്ചു. സാംസ്‌ക്കാരിക മന്ത്രിയുടെ സ്ത്രീ വിരുന്ധതയാണ് അദ്ദേഹത്തിന്റെ സമീപനത്തിലൂടെ പുറത്ത് വരുന്നത്. ഗുരുതരമായ ആരോപണം ഉണ്ടായ സാഹചര്യത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ശ്രീ രഞ്ജിത്ത് സ്വയം ഒഴിയുകയോ അല്ലാത്ത പക്ഷം ഗവണ്മെന്റ് പുറത്താക്കുകയോ ചെയ്യണമെന്നും സാന്ദ്ര തോമസ് ആവശ്യപ്പെട്ടു.
അതേസമയം സംവിധായകന്‍ രഞ്ജിത്തിനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് ബംഗാളി നടി ശ്രീലേഖ മിത്ര പറഞ്ഞു. കേരളത്തില്‍ വന്നത് സിനിമ ഓഡിഷന് വേണ്ടിയായിരുന്നില്ലെന്നും ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെയാണ് തന്നെ ക്ഷണിച്ചിരുന്നതെന്നും ശ്രീലേഖ പറഞ്ഞു. കഥാപാത്രത്തിന് ചേരാത്തതിനാല്‍ മടക്കിയയച്ചുവെന്നുമുളള രജ്ഞിത്തിന്റെ വാദവും നടി തളളി.