വ്യാജ രേഖ ചമച്ച് ആഡംബര കാർ രജിസ്റ്റർ ചെയ്ത കേസ്: സുരേഷ് ഗോപി കോടതിയിൽ ഹാജരാകേണ്ട
കൊച്ചി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ വാഹന രജിസ്ട്രേഷനായി വ്യാജരേഖ ചമച്ച് നികുതി വെട്ടിച്ചെന്ന കേസിൽ വിചാരണക്കോടതിയിൽ ഹാജരാകുന്നതിൽനിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി സമർപ്പിച്ച റിവിഷൻ ഹർജിയിലാണ് ഹൈകോടതി ജസ്റ്റിസ് സി. ജയചന്ദ്രന്റെ ഉത്തരവ്.
2010 ജനുവരി 28-ന് ആഡംബര കാർ നോട്ടറിയുടെ വ്യാജരേഖ ചമച്ച് തയ്യാറാക്കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തെന്നതാണ് ആരോപണം. പുതുച്ചേരിയിൽ വ്യാജരേഖയുണ്ടാക്കി സംസ്ഥാന സർക്കാരിലേക്ക് കിട്ടേണ്ട നികുതിപ്പണമായ 18 ലക്ഷം രൂപ വെട്ടിച്ചെന്നാണു കേസ്.
കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം എറണാകുളം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇത് റദ്ദാക്കി കേസിൽനിന്ന് വിടുതൽ നൽകണമെന്നാണ് ആവശ്യം.
പുതുച്ചേരിയിൽ 2009 മുതൽ വീട് വാടക്ക് എടുത്തിരുന്നുവെന്നും ബന്ധുക്കൾ കൈകാര്യം ചെയ്യുന്ന കൃഷിഭൂമിയുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്. എന്നാൽ മേൽവിലാസം കേരളത്തിലായത് കൊണ്ട് ഇവിടെ തന്നെ നികുതിയടക്കണമെന്ന വാദം നിയമവിരുദ്ധമാണെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്.