യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഇന്ത്യ ഞങ്ങൾക്കൊപ്പം നിൽക്കണം: സെലൻസ്കി

യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഇന്ത്യ ഞങ്ങൾക്കൊപ്പം നിൽക്കണം: സെലൻസ്കി

റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രെയ്‌നൊപ്പം നില്‍ക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. റഷ്യ- യുക്രെയ്ന്‍ പ്രതിസന്ധിയില്‍ ബാലന്‍സിംഗ് ആയിട്ടുള്ള നിലപാട് സ്വീകരിക്കരുതെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. കീവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എത്രയും വേഗം ഇന്ത്യയിലേക്ക് സന്ദര്‍ശനം നടത്തുമെന്നും സെലന്‍സ്‌കി അറിയിച്ചു.

കിഴക്കന്‍ യുക്രെയ്നില്‍ മോസ്‌കോയുടെ സൈന്യം മുന്നേറുകയും റഷ്യയിലെ കുര്‍സ്‌ക് മേഖലയില്‍ കൈവ് നുഴഞ്ഞുകയറ്റം ആരംഭിക്കുകയും ചെയ്ത സമയത്താണ് പ്രധാനമന്ത്രി മോദിയും വോളോഡിമര്‍ സെലെന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രെയ്ന്‍ സന്ദര്‍ശിക്കുന്നത്.

റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാനാകും. മാത്രമല്ല ലോകത്തിനും സമാധാനം സ്ഥാപിക്കുന്നതില്‍ വലിയ പങ്ക് ഇന്ത്യയ്ക്ക് സാധിക്കുമെന്നും സെലന്‍സ്‌കി പറഞ്ഞു. നരേന്ദ്ര മോദിയോട് എന്നും നന്ദിയുള്ളവനായിരിക്കും താനെന്നും രാജ്യത്തേയും അവിടുത്തെ ജനങ്ങളേയും കുറിച്ചാണ് തങ്ങള്‍ ഇരുവരും സംസാരിച്ചതെന്നും സെലന്‍സ്‌കി പറഞ്ഞു.

ഇന്ത്യയും ഉക്രെയ്നും നേരത്തെ ഒപ്പുവച്ച നാല് കരാറുകളെക്കുറിച്ച് സംസാരിച്ച സെലെന്‍സ്‌കി, പരസ്പര പ്രയോജനത്തിനായി കീവ് അതിന്റെ സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞു. അതേസമയം യുക്രെനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളിലും സജീവമായ പങ്ക് വഹിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് സെലന്‍സ്‌കിയോട് നരേന്ദ്രമോദി പറഞ്ഞിരുന്നു.

ഇന്ത്യ ഒരിക്കലും നിക്ഷ്പക്ഷ നിലപാട് എടുത്തിരുന്നില്ല എന്നും ഇന്ത്യ എന്നും നിലകൊണ്ടത് സമാധാനത്തിന്റെ പക്ഷത്തായിരുന്നു എന്നും പ്രധാനമന്ത്രി സെലന്‍സ്‌കിയോട് പറഞ്ഞിരുന്നു. യുദ്ധവും ആക്രമവും അല്ല പരിഹാരമാര്‍ഗമെന്നും മേഖലയിലെ സമാധാനാന്തരീക്ഷം നില നിറുത്താന്‍ ക്രിയാത്മകമായ ചര്‍ച്ചയാണ് ആവശ്യമെന്നും സൂചിപ്പിച്ച് ഇന്ത്യയുടെ നിലപാട് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )