ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സ്വമേധയാ കേസെടുക്കാമെന്ന് ധനമന്ത്രി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സ്വമേധയാ കേസെടുക്കാമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കാമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പരാതി നല്‍കാതെ കേസെടുക്കാനാകില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ തിരുത്തുക്കൊണ്ടാണ് ബാലഗോപാലിന്റെ പ്രതികരണം. സ്വമേധയാ കേസെടുക്കണോ പരാതി ലഭിച്ചിട്ട് കേസെടുക്കണോ എന്നത് സാങ്കേതികത്വം മാത്രമാണ്. സ്വമേധയാ കേസ് എടുക്കുന്നതിന് നിയമ തടസമില്ല. പരിഷ്‌കരിച്ച നിയമങ്ങള്‍ നിലവിലുണ്ടന്നും പരാതി ലഭിച്ചിട്ടോ അല്ലാതെയോ കേസെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

രഹസ്യമായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന രേഖയാണ് പൊലീസിന് ലഭിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടില്‍ കേസെടുക്കുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം. കേസ് എടുത്ത് അന്വേഷണം നടത്തണം എന്ന് ശുപാര്‍ശ ചെയ്തിട്ടില്ല, മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിക്കണമെന്നും പറഞ്ഞിട്ടുണ്ട്. കമ്മിറ്റിക്ക് മൊഴി നല്‍കിയ ഏത് സ്ത്രീ പരാതിയുമായി വന്നാലും ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഇത്തരത്തിലുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുന്നത് ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടായിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )