എയറിലായത് പാഠമായി. വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതിഷേധത്തില്‍ സൗരവ് ഗാംഗുലി പങ്കെടുത്തേക്കും
പശ്ചിമബംഗാളിലെ ആര്‍ജി കര് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് നടക്കുന്ന പ്രതിഷേധത്തില്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമൂഹമാധ്യമമായ എക്സിലെ പ്രൊഫൈല്‍ പിക്ചര്‍ സൗരവ് ഗാംഗുലി കറുത്ത നിറത്തിലാക്കിയിരുന്നു. ഭാര്യ ഡോണയ്ക്കൊപ്പമാകും ഗാംഗുലി പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തുകയെന്നാണ് റിപ്പോര്‍ട്ട്.
കൊല്‍ക്കത്ത കൊലപാതകത്തെ ഒറ്റത്തവണ സംഭവിക്കുന്നതെന്ന നിലയില്‍ ഗാംഗുലി നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ തന്റെ എക്സിലെ പ്രൊഫൈല്‍ ചിത്രം കറുപ്പാക്കി ഇരയോടും കുടുംബത്തിനോടും ഐക്യദാര്‍ഢ്യം അറിയിച്ചെങ്കിലും ആരാധകര്‍ ഗാംഗുലിലെ വെറുതെ വിട്ടില്ല. സംഭവത്തെക്കുറിച്ച് താന്‍ കഴിഞ്ഞ ആഴ്ച നടത്തിയ പരമാര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും സാഹചര്യത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയതാണെന്നും നടന്നത് ദാരുണമായ സംഭവം തന്നെയാണെന്നും ഗാംഗുലി ഇന്നലെ പ്രതികരിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നത് അപമാനകരമാണെന്നും സിബിഐ കേസില്‍ അന്വേഷണം തുടരുന്നതിനാല്‍ കൂടുതലൊന്നും പറയാനില്ലെന്നും ഗാംഗുലി പറഞ്ഞിരുന്നു.
‘എന്റെ വാക്കുകള്‍ എങ്ങനെയാണ് വിലയിരുത്തപ്പെട്ടത് എന്നറിയില്ല. മുമ്പ് പറഞ്ഞത് പോലെ സംഭവിച്ചത് അതിക്രൂരമായ കൊലപാതകമാണ്. ഇപ്പോള്‍ വിഷയം സിബിഐ അന്വേഷിച്ചുവരികയാണ്. സംഭവിച്ച കുറ്റകൃത്യം ലജ്ജാകരമാണ്’, മുന്‍ ബിസിസിഐ അധ്യക്ഷന്‍ കൂടിയായ ഗാംഗുലി പറഞ്ഞു. പ്രതിയെ കണ്ടെത്തിയാല്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കത്തക്ക വിധം ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം സംഭവഭങ്ങളില്‍ വ്യക്തവും ശക്തവുമായ നിലപാട് എടുക്കാതെ പ്രൊഫൈല്‍ ചിത്രം മാറ്റിയതുകൊണ്ട് കാര്യമില്ലെന്ന വിമര്‍ശനവുമായി കൂടുതല്‍ പേര് രംഗത്തെത്തി. ഈ മാസം ഒമ്പതിനാണ് കൊല്‍ക്കത്തയിലെ ആര്‍ജി കര് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടറുടെ കൊലപാതകം.