ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ കേട്ടതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ വിഷയങ്ങള്‍; ഹരീഷ് പേരടി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ കേട്ടതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ വിഷയങ്ങള്‍; ഹരീഷ് പേരടി

കോഴിക്കോട്: സിനിമ മേഖലയിലെ സ്ത്രീകൾ ഉന്നയിച്ചിരുന്ന വിഷയങ്ങൾക്കൊക്കെ ഒരു ആധികാരികത വന്നിരിക്കുന്നു എന്നതാണ് റിപ്പോർട്ടിന്റെ പ്രസക്തിയെന്നും ഇനി സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കാണ് ഞങ്ങൾ കാത്തിരിക്കുന്നതെന്ന് നടൻ ഹരീഷ് പേരടി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന കാര്യങ്ങളൊക്കെ പലപ്പോഴായി നമ്മളൊക്കെ പറഞ്ഞു കേട്ടതും ചർച്ച ചെയ്യപ്പെടുന്നതുമായ വിഷയങ്ങളാണെന്നും ഹരീഷ് പേരടി പറഞ്ഞു.

‘സർക്കാർ ഈ റിപ്പോർട്ടിൻമേൽ എന്തൊക്കെ നടപടികൾ സ്വീകരിക്കും എന്നതാണ് പൊതുജനങ്ങൾക്ക് അറിയേണ്ടത്. മാറ്റിവയ്ക്കപ്പെട്ട പേജുകളിൽ ഇരകളുടെ സ്വകാര്യതയെ മാനിക്കപ്പെടുന്നതും ബഹുമാനിക്കപ്പെടുന്നതും എന്താണെന്ന് നമുക്ക് മനസിലാക്കാൻ പറ്റും. പക്ഷേ, ഈ പേജുകളിൽ കുറേ വേട്ടക്കാരുണ്ട്. ആ വേട്ടക്കാർക്കെതിരെ സർക്കാർ എന്ത് നടപടിയാണ് എടുക്കാൻ പോകുന്നതെന്ന് നമുക്ക് അറിഞ്ഞേ പറ്റൂ.

എത്ര വലിയ പ്രമുഖരായാലും വേട്ടക്കാർക്കെതിരെ നടപടി എടുത്തേ പറ്റൂ. കുറ്റവാളിയായി കഴിഞ്ഞാൽ അവരാരും പ്രമുഖരൊന്നുമല്ല. കേരളത്തിലെ ഇടതുപക്ഷ സർക്കാർ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് എന്റെ നിലപാട്. ഞാൻ അമ്മ താര സംഘടനയിൽ നിന്ന് രാജിവച്ച ആളാണ്. ഇത്തരം വിഷയവുമായി ബന്ധപ്പെട്ട തുടർച്ചയുടെ ഫലമായാണ് രാജി. ഒരു സംഘടന എന്ന നിലയിൽ ഇത്തരം പ്രശ്നങ്ങളെ മനസിലാക്കാൻ ശ്രമിക്കണം. അല്ലാതെ പഠിക്കട്ടെ, പറയട്ടേ എന്നല്ല പറയേണ്ടത്.

ഹേമ കമ്മിറ്റി പോലുള്ള റിപ്പോർട്ട് പുറത്തുവന്നിട്ട് അവർ എന്താണ് പഠിക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. അതൊക്കെ പക്കാ അശ്ലീലത്തരങ്ങളാണ്. അത്തരം വർത്തമാനങ്ങളെങ്കിലും മാധ്യമങ്ങളോടും പൊതു സമൂഹത്തോടും പറയാതിരിക്കുക. മറിച്ച് ഇത്തരം വിഷയങ്ങളെ നേരിടുക. അഡ്രസ് ചെയ്യുക. അതാണ് നട്ടെല്ലുണ്ടെങ്കിൽ താരസംഘടന ചെയ്യേണ്ടത്. ഇക്കാര്യങ്ങൾ പരിശോധിച്ച് താരസംഘടനകൾ നടപടിയെടുക്കണം’- ഹരീഷ് പേരടി പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )