നാളെ ഭാരത് ബന്ദ് ; വയനാട് ജില്ലയെ ഒഴിവാക്കി
തിരുവനന്തപുരം: എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിക്കെതിരെ സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി ബുധനാഴ്ച രാജ്യത്ത് ഭാരത് ബന്ദ് നടത്തും. ഇതിന്റെ ഭാഗമായി കേരളത്തിലും നാളെ ഹർത്താൽ ആചരിക്കുമെന്ന് വിവിധ ആദിവാസി-ദലിത് സംഘടനകളും അറിയിച്ചിട്ടുണ്ട്.
സുപ്രീം കോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് ഭീം ആര്‍മിയും വിവിധ ദളിത്-ബഹുജന്‍ പ്രസ്ഥാനങ്ങളും സംയുക്തമായാണ് രാജ്യമാകെയുള്ള ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എം സി എഫ്, വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദളിത് സാംസ്‌കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകളാണ് കേരളത്തിൽ ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്.
രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയായിരിക്കും ഹര്‍ത്താല്‍. ഉത്തരേന്ത്യയിലെ പലയിടങ്ങളിലും ഭാരത് ബന്ദിനെ തുടര്‍ന്ന് പൊതുഗതാഗതം തടസപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും കേരളത്തെ സാരമായി ബാധിച്ചേക്കില്ല. സ്‌കൂളുകളുടെയും പ്രവര്‍ത്തനത്തെയും പരീക്ഷാ നടത്തിപ്പിനേയും ഹര്‍ത്താല്‍ ബാധിച്ചേക്കില്ല. സംസ്ഥാനത്ത് പൊതുഗതാഗതവും സാധാരണനിലയിലായിരിക്കും.
സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതിവിധി മറികടക്കാൻ പാര്‍ലമെന്‍റ് നിയമനിര്‍മാണം നടത്തുക, വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാത്തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക, എസ്.സി, എസ്.ടി ലിസ്റ്റ് ഒമ്പതാം പട്ടികയില്‍പെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് സംഘടനകളുടെ ആവശ്യം.
പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയെ നാളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് ആദിവാസി-ദളിത് സംഘടനാ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം ഹര്‍ത്താല്‍ അനുഭാവികള്‍ പലയിടത്തും പ്രതിഷേധറാലികളും യോഗങ്ങളും നടത്തിയേക്കും.