ഹേമ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍; സിനിമ നയം രൂപീകരിക്കും
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. സിനിമ നയ രൂപീകരണത്തിന് കോണ്‍ക്ലേവ് സംഘടിപ്പിക്കും. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന കോണ്‍ക്ലേവ് നവംബറില്‍ കൊച്ചിയില്‍ നടക്കും. ഇതിനായി സാംസ്‌കാരിക വകുപ്പ് മുന്നൊരുക്കങ്ങള്‍ സജീവമാക്കി.
സിനിമയിലെ എല്ലാ തൊഴില്‍ മേഖലകളിലെയും പ്രതിസനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടാകും കോണ്‍ക്ലേവ് സംഘടിപ്പിക്കുക. കെഎസ്ഐഡിസിക്കാണ് നയരൂപീകരണത്തിന്റെ ചുമതല. കോണ്‍ക്ലേവിന് മുമ്പ് സിനിമയിലെ സംഘടനകളുമായി ചര്‍ച്ച നടത്തുകയും കരട് നയരേഖ തയ്യാറാക്കുകയും ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാകും നയരൂപീകരണം.
കഴിഞ്ഞ ദിവസമാണ് മലയാള സിനിമാ മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. സിനിമയിലെ പ്രമുഖരായ താരങ്ങള്‍ക്കെതിരെയും സംവിധായകര്‍ക്കെതിരെയും നിര്‍മ്മാതാക്കള്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു.
ജുഡീഷ്യല്‍ അധികാരങ്ങളുള്ള ട്രിബ്യൂണല്‍ വേണമെന്ന് റിപ്പോര്‍ട്ടില്‍ ഹേമ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. വിരമിച്ച വനിതാ ജഡ്ജിമാരെ ട്രിബ്യൂണല്‍ അധ്യക്ഷരാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍;
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവര്‍മാരായോ മറ്റോ നിയമിക്കരുത്
‘കിടക്ക’യിലേക്ക് ക്ഷണിച്ച് ഒരു സ്ത്രീയെയും അപമാനിക്കരുത്
നടിമാര്‍ക്ക് ശുചിമുറിയും വസ്ത്രം മാറാന്‍ സൗകര്യവും ഒരുക്കണം
ഷൂട്ടിങ് സെറ്റുകളില്‍ മദ്യവും ലഹരിമരുന്നും കര്‍ശനമായി വിലക്കണം.
സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് നിര്‍മാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങള്‍ നല്‍കണം.
വനിതകളോട് അശ്ലീലം പറയരുത്
തുല്യ പ്രതിഫലം നല്‍കണം
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ നിയമം അനിവാര്യം
ട്രൈബ്യൂണല്‍ രൂപീകരിക്കണം