സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: ആദ്യ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ആദ്യ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലാണ് ഗംഗേശാനന്ദയ്‌ക്കെതിരേ കുറ്റപത്രം. ലൈംഗിക ഉപദ്രവം ചെറുക്കാനാണ് പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്.
2017 മേയ് 19-നാണ് ഗംഗേശാനന്ദ ആക്രമിക്കപ്പെട്ട സംഭവമുണ്ടാകുന്നത്. സ്വാമിയെ ആക്രമിച്ച പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ പെണ്‍കുട്ടിയുടെ വീട്ടിലാണ് ഗംഗേശാനന്ദ കഴിഞ്ഞിരുന്നത്.
ലൈംഗിക അതിക്രമം ചെറുക്കുന്നതിന്റെ ഭാഗമായാണ് സ്വാമിയെ ആക്രമിച്ചത് എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ഗംഗേശാനന്ദയ്‌ക്കെതിരേ ബലാത്സംഗക്കുറ്റം ചുമത്തിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം ഗംഗേശാനന്ദയെ ആക്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കും അയ്യപ്പദാസിനുമെതിരേ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ കുറ്റപത്രം ക്രൈം ബ്രാഞ്ച് അടുത്തയാഴ്ച സമര്‍പ്പിക്കും.