ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാ സേനയും അജ്ഞാത ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. ദോഡയിലെ അസാർ മേഖലയിലെ ശിവ്ഗഡ്-അസർ ബെൽറ്റിൽ ഒളിച്ചിരിക്കുന്ന ഒരു കൂട്ടം ഭീകരരെ കണ്ടെത്തുന്നതിനായി സംയുക്ത സംഘം ആരംഭിച്ച കോർഡൻ ആൻഡ് സെർച്ച് ഓപ്പറേഷനിൽ (കാസോ) വനപ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഒരു എം 4 റൈഫിൾ, വസ്ത്രങ്ങൾ, മൂന്ന് റക്‌സക്കുകൾ എന്നിവയും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു. “ഡോഡ ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന ഒപ് അസാറിനിടെ 48 രാഷ്ട്രീയ റൈഫിൾസിലെ ഇന്ത്യൻ ആർമിയുടെ ഒരു ക്യാപ്റ്റൻ കൊല്ലപ്പെട്ടു. ഓപ്പറേഷൻസ് ഇപ്പോഴും പുരോഗമിക്കുകയാണ്,” പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.
ശിവ്ഗഡ്-അസർ ബെൽറ്റിൽ ഭീകരർ ഒളിച്ചിരിക്കുകയാണെന്ന് കരുതപ്പെടുന്നു, പ്രദേശത്ത് രക്തക്കറകൾ കണ്ടതിനാൽ അവരിൽ ചിലർക്കും പരിക്കേറ്റിട്ടുണ്ടാകാമെന്നാണ് നിഗമനം. കനത്ത ഏറ്റുമുട്ടലിനിടെ പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി ആർമിയുടെ വൈറ്റ് നൈറ്റ് കോർപ്സ് എക്‌സിലെ ഒരു പോസ്റ്റിൽ അറിയിച്ചു.