ബൈജൂസ് – ബി.സി.സി.ഐ ഒത്തുതീര്‍പ്പിന് അംഗീകാരം നല്‍കാനുള്ള തീരുമാനം റദ്ധാക്കി സുപ്രീം കോടതി
ന്യൂഡല്‍ഹി: ബൈജൂസും ബി.സി.സി.ഐ തമ്മിലുള്ള 158.9 കോടി രൂപയുടെ ഒത്തുതീര്‍പ്പിന് അംഗീകാരം നല്‍കാനുള്ള നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ (എന്‍.സി.എല്‍.എ.ടി) തീരുമാനം സുപ്രീം കോടതി റദ്ദാക്കി. ബൈജൂസിനെതിരായ നടപടികള്‍ റദ്ദാക്കിയ എന്‍.സി.എല്‍.എ.ടിയുടെ മറ്റു വിധികളും സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
ബൈജുവില്‍ നിന്ന് ബി.സി.സി.ഐക്ക് ലഭിച്ച 158.9 കോടി രൂപ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രത്യേകം സൂക്ഷിക്കാനും കോടതി നിര്‍ദ്ദേശിച്ചു. എന്‍.സി.എല്‍.എ.ടിയുടെ മുന്‍ വിധിക്കെതിരായ യു.എസ് ആസ്ഥാനമായുള്ള ക്രെഡിറ്ററായ ഗ്ലാസ് ട്രസ്റ്റ് കമ്പനിയുടെ ഹര്‍ജി പരിഗണിച്ചാണ് തീരുമാനം.
ബൈജൂസുമായുള്ള ബി.സി.സി.ഐയുടെ ഒത്തുതീര്‍പ്പിനെ സ്റ്റേ ബാധിക്കുമെന്ന് ബി.സി.സി.ഐ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന് ബൈജുവിനെതിരായ കമ്പനിയുടെ നടപടികള്‍ എന്‍.സി.എല്‍.എ.ടി നിര്‍ത്തിവെച്ചിരുന്നു. മറ്റു നിയമനടപടികള്‍ തുടരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്.