സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന വ്യാപക ഹര്‍ത്താല്‍ ; ദലിത്-ആദിവാസി സ്ത്രീ-പൗരാവകാശ കൂട്ടായ്മ
കൊച്ചി: പട്ടികജാതി-വര്‍ഗ ലിസ്റ്റിനെ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനും, എസ്.സി.-എസ്.ടി വിഭാഗങ്ങളില്‍ ‘ക്രീമിലെയര്‍’ നടപ്പാക്കാനും 2024 ആഗസ്റ്റ് ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് ദലിത്-ആദിവാസി സ്ത്രീ-പൗരാവകാശ കൂട്ടായ്മ ചെയര്മാന് എം. ഗീതാനന്ദന് അറിയിച്ചു. വിവിധ ആദിവാസി -ദലിത് സംഘടനകള്‍ യോഗം ചേര്‍ന്നാണ് ഹര്‍ത്താല്‍ തീരുമാനിച്ചത്. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സുപ്രീം കോടതി വിധിക്കെതിരെ ഭീം ആര്‍മിയും വിവിധ ദലിത് – ബഹുജന്‍ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാന ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നത്. കോടതി വിധി മറി കടക്കാന്‍ പാര്ലമെ്റില് നിയമ നിര്‍മാണം നടത്തണമെന്നതാണ് മുഖ്യമായ ആവശ്യം. ഭരണഘടനയുടെ 341 ഉം, 342 ഉം വകുപ്പുകളനുസരിച്ച് പാര്‍ലമെന്റ് അംഗീകാരം നല്കുന്ന എസ്.സി-എസ്.ടി ലിസ്റ്റ് ഇന്ത്യന്‍ പ്രസിഡന്റ് വിജ്ഞാപനം ചെയ്യുന്നു. ഈ ലിസ്റ്റില്‍ കൂട്ടിച്ചേര്‍ക്കലുകള്‍, ഒഴിവാക്കല്‍, മാറ്റങ്ങള്‍ എന്നിവ വരുത്താന്‍ പാര്‍ല മെന്റിന് മാത്രമേ അധികാരമുള്ളൂ. ജാതി വ്യവസ്ഥയുടെ ഭാഗമായ അയിത്തത്തിന് വിധേയമായി മാറ്റി നിര്‍ത്തപ്പെട്ട വരെ ഒരു വിഭാഗമായി കണക്കാക്കിയാണ് പട്ടികജാതി, പട്ടികവര്‍ഗം എന്ന് നിര്‍ണയിക്കുന്നത്.
വ്യക്തമായ വിവരങ്ങള്‍ ഇല്ലാതെ കോടതിയും സര്‍ക്കാരും നിയമനിര്‍മാണം നടത്തുന്ന സാഹചര്യത്തില്‍ സമഗ്രമായ ജാതി സെന്‍സസ് ദേശീയ തലത്തില്‍ നടത്തണമെന്നതാണ് ഹര്‍ത്താലിലൂടെ ആവശ്യപ്പെടുന്നത്. സുപ്രീം കോടതി വിധി മറികടക്കാര്‍ പാര്‍ലമെന്റ് നിയമ നിര്‍മാണം നടത്തുക, വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പ്പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാന പരിധി ഉള്‍പ്പെടെ എല്ലാ തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക, എസ്.സി-എസ്.ടി ലിസ്റ്റ് ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍. ഐ.ആര്. സദാനന്ദന്, സി.ജെ. തങ്കച്ചന്, സി.കെ. ഷീബ, ഡോ. എന്‍.വി. ശശിധരന്, കെ.അമ്പുജാക്ഷന്, എം.കെ. ദാസന് രമേശ് അഞ്ചലശ്ശേരില് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.