മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ കൊച്ചിയിലെ വീട്ടിൽ എൻഐഎ റെയ്‌ഡ്; സംഘം വീട്ടിനുള്ളിൽ കയറിയത് കതക് പൊളിച്ച്
മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ കൊച്ചിയിലെ തേവയ്ക്കലിലെ വീട്ടിൽ എൻഐഎ റെയ്‌ഡ്. എൻഐഎയുടെ തെലങ്കാനയിൽ നിന്നുള്ള സംഘമാണ് അന്വേഷണത്തിനായി കൊച്ചിയിലെത്തിയത്. വാറണ്ടുമായാണ് സംഘമെത്തിയത്. അന്വേഷണ സംഘം പരിശോധന തുടരുകയാണ്.
എട്ട് പേരടങ്ങുന്ന സംഘമാണ് മുരളി കണ്ണമ്പിളളിയുടെ മകന്റെ വീട്ടിൽ റെയ്ഡിനെത്തിയത്. മകനോടൊപ്പമാണ് മുരളി ഈ വീട്ടിൽ താമസിക്കുന്നത്. വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തൻ്റെ അഭിഭാഷകനെത്തട്ടെയെന്ന നിലപാടിലായിരുന്നു മുരളി. തുടർന്ന്, ഉദ്യോഗസ്ഥർ വാതിൽ പൊളിച്ചാണ് അകത്ത് കയറിയത്. റെയ്‌ഡിന് ശേഷം മുരളിയെ എൻഐഎ ചോദ്യം ചെയ്തേക്കും. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പിന്നീട് സംഘം നീങ്ങിയേക്കുമെന്നാണ് സൂചന.
തെലങ്കാനയിലെ മാവോയിസ്റ്റ് നേതാവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌ഡ്. മാവോവാദി നേതാവ് മുരളി കണ്ണമ്പിള്ളിയുടെ കാക്കനാട് തേവക്കലിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. മാവോവാദി നേതാവ് സഞ്ജയ് ദീപക് റാവുവിൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് പരിശോധന. 2023-ലാണ് തെലങ്കാനയിൽ വെച്ച് മാവോവാദി നേതാവ് സഞ്ജയ് ദീപക് റാവു അറസ്റ്റിലാകുന്നത്. മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലൊക്കെ അധികൃതരുടെ നോട്ടപ്പുള്ളിയായിരുന്നു ഇയാൾ