തെലങ്കാനയിൽ മയിലിനെ കറിവെച്ച് കഴിച്ചു; യൂട്യൂബർ അറസ്റ്റിൽ
ഹൈദരാബാദ്: തെലങ്കാനയിൽ മയിലിനെ കറിവെച്ച് കഴിക്കുന്നതിൻ്റെ വീഡിയോ പങ്കുവെച്ച യൂട്യൂബർ അറസ്റ്റിൽ. സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതേതുടർന്നാണ് അറസ്റ്റ്. യൂട്യൂബർ കോടം പ്രണയ് കുമാറാണ് അറസ്റ്റിലായത്. ഇയാൾ അനധികൃത വന്യജീവി ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആളുകൾ ആരോപിച്ചത്.
സംഭവം വിവാദമായതോടെ കുമാറിൻ്റെ യൂട്യൂബ് ചാനലിൽ നിന്ന് വീഡിയോ നീക്കം ചെയ്തു. വനംവകുപ്പ് കുമാറിനെ പിടികൂടി ‘മയിൽക്കറി’ പാകം ചെയ്ത് വീഡിയോ ചിത്രീകരിച്ച സ്ഥലം പരിശോധിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒരു സംരക്ഷിത ജീവിയെ കൊല്ലുന്നതിനെ വീഡിയോ പ്രോത്സാഹിപ്പിക്കുന്നെന്ന് അധികൃതർ ആരോപിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥർ വീഡിയോയുടെ നിയമസാധുത അന്വേഷിക്കുകയും ഫോറൻസിക് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. യൂട്യൂബറുടെ രക്തസാമ്പിളുകളും കറിയുടെ ഭാഗങ്ങളും പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ മയിലിൻ്റെ ഇറച്ചിയാണെന്ന് തെളിഞ്ഞാൽ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.