വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ; പ്രതിഷേധത്തിൽ പ്രതിപക്ഷ പാർട്ടികൾ

വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ; പ്രതിഷേധത്തിൽ പ്രതിപക്ഷ പാർട്ടികൾ

ഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. വഖഫ് ആക്ടിലെ ഭേദഗതികൾ എതിർക്കുമെന്ന് ഇൻഡ്യ അംഗങ്ങൾ പറഞ്ഞു. മുസ്ലീം ലീഗ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ബില്‍ അവതരണം. രാജ്യത്തെ വിഭജിക്കാനുള്ള ബില്ലാണെന്നും ശക്തിയുക്തം എതിര്‍ക്കണമെന്നും രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള സർക്കാർ നീക്കമെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു.

വഖഫ് ബോർഡിന്‍റെയും വഖഫ് കൗൺസിലിന്‍റെയും അധികാരങ്ങളെ തകർക്കുന്നതാണിതെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ഇത് ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമാണ്. ഈ നിയമം ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കിയാൽ അത് തീർച്ചയായും റദ്ദാക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകുന്നെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ഭേദഗതി ബിൽ ഭൂമി വിൽപ്പനക്കുള്ള ബി.ജെ.പി അംഗങ്ങളുടെ താൽപ്പര്യാർത്ഥമുള്ള ഒഴികഴിവ് മാത്രമാണെന്ന് അഖിലേഷ് യാദവ് വിമർശിച്ചു. ബി.ജെ.പി രാജ്യത്തെ മുക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ മുസ്‌ലിംകളുടെ ശത്രുവാണ് എന്നാണ് അസദുദ്ദീൻ ഉവൈസി ബില്ലിനെ വിമർശിച്ച് പറഞ്ഞത്. വഖഫ് ഭേദഗതിയെ കുറിച്ച് എം.പിമാർ അറിഞ്ഞത് പാർലമെന്‍റിൽ നിന്നല്ലെന്നും മാധ്യമങ്ങളിലൂടെയാണെന്നും സുപ്രിയ സുലെ എം.പി കുറ്റപ്പെടുത്തി. ബില്ലുകൾ അവതരിപ്പിക്കാനുള്ള പുതിയ വഴി ഇതാണോ എന്നും വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

മുസ്സിം ഇതര അംഗങ്ങളെയും വനിതകളെയും വഖഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണം എന്നതടക്കമുള്ള നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുമായാണ് വഖഫ് നിയമഭേദഗതി ബില്‍ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വഖഫ് സ്വത്ത് രജിസ്ട്രേഷനായി കേന്ദ്ര പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കുന്നതടക്കം നാല്‍പതിലധികം ഭേദഗതികളുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (6 )