‘ഗുഡ്‌ബൈ റസ്ലിങ്, ഞാൻ തോറ്റു’; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
പാരീസ് ഒളിമ്പിക്‌സിലെ ഗുസ്തി ഫൈനലില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. എക്‌സില്‍ പങ്കിട്ട പോസ്റ്റിലൂടെയാണ് താരം അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്. 50 കിലോഗ്രാം വനിതാ ഗുസ്തിയില്‍ 100 ഗ്രാം അധിക ഭാരമുള്ളതിനാല്‍ സ്വര്‍ണമെഡല്‍ തേടിയുള്ള മത്സരത്തില്‍ നിന്ന് വിനേഷിനെ അയോഗ്യയാക്കിയിരുന്നു. വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ഹിന്ദിയിലാണ് താരം X-ല്‍ പോസ്റ്റ് പങ്കിട്ടത്. ‘ അമ്മ ഗുസ്തി എനിക്കെതിരെ വിജയിച്ചു, ഞാന്‍ തോറ്റു, എന്നോട് ക്ഷമിക്കൂ, നിങ്ങളുടെ സ്വപ്നവും എന്റെ ധൈര്യവും തകര്‍ന്നു, എനിക്ക് ഇപ്പോള്‍ കൂടുതല്‍ ശക്തിയില്ല. ഗുഡ്ബൈ 2001-2024,’ വിനേഷ് പോസ്റ്റില്‍ കുറിച്ചു.
സെമി ഫൈനലില്‍ എതിരാളിക്കെതിരെ 5-0 എന്ന സ്‌കോറിന് വിജയിച്ച വിനേഷ് ഒളിമ്പിക്സ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായിരുന്നു. എന്നാല്‍ വെറും 100 ഗ്രാം അമിതഭാരമുള്ളതിനാല്‍ അവസാന മത്സരത്തില്‍ നിന്ന് വിനേഷിനെ അധികൃതര്‍ അയോഗ്യയാക്കി.
ഇതോടെ കഴിഞ്ഞ ദിവസം വിനേഷ് കോര്‍ട്ട് ഓഫ് അബ്രിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സില്‍ (CAS) അപ്പീല്‍ നല്‍കി. തനിക്ക് വെള്ളി മെഡല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കായിക തര്‍ക്ക കോടതിയെ താരം സമീപിച്ചത്. ഇതില്‍ ഈ അപ്പീലില്‍ ഇന്ന് വിധി വരാനിരിക്കെയാണ് രാജ്യത്തെ ഞെട്ടിച്ച പ്രഖ്യാപനം താരം നടത്തിയത്. വിധി അനുകൂലമെങ്കില്‍ വിനേഷ് വെള്ളി മെഡല്‍ പങ്കിടും.
ഹരിയാനയില്‍ നിന്നുള്ള 29 കാരിയായ താരം മൂന്ന് തവണ ഒളിമ്പിക്‌സില്‍ മത്സരിച്ചിട്ടുണ്ട്. ഈ മൂന്ന് തവണയും മൂന്ന് വ്യത്യസ്ത ഭാര വിഭാഗങ്ങളിലാണ് മത്സരിച്ചത്. 2016 റിയോ ഒളിമ്പിക്‌സില്‍ 48 കിലോ വനിതാ ഗുസ്തിയില്‍ മത്സരിച്ചപ്പോള്‍, 2020 ല്‍ ടോക്കിയോയില്‍ നടന്ന ഒളിമ്പിക്‌സില്‍ 53 കിലോഗ്രാം വനിതാ ഗുസ്തിയിലും, 2024 ല്‍ പാരീസില്‍ നടന്ന 50 കിലോഗ്രാം ഗുസ്തിയിലുമാണ് മത്സരിച്ചത്.
2014, 2018, 2022 വര്‍ഷങ്ങളില്‍ മൂന്ന് കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ മൂന്ന് വ്യത്യസ്ത ഭാര വിഭാഗങ്ങളിലായി മൂന്ന് സ്വര്‍ണ്ണ മെഡലുകള്‍ അവര്‍ നേടിയിട്ടുണ്ട്. 2018ല്‍ സ്വര്‍ണം നേടിയതിന് ശേഷം അതേ വര്‍ഷം തന്നെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായും വിനേഷ് മാറി.