വയനാട് ദുരന്തം; തിരിച്ചറിയാത്ത മുഴുവൻ മൃതദേഹങ്ങളും ഇന്ന് സംസ്കരിക്കും
വയനാട്: ദുരന്തത്തിൽ തിരിച്ചറിയാത്ത മുഴുവൻ മൃതദേഹങ്ങളും ഇന്ന് സംസ്കരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ വ്യക്തമാക്കി. 31 മൃതദേഹങ്ങളും 150 ശരീരഭാഗങ്ങളുമാണ് പുത്തുമലയിൽ സംസ്കരിക്കുക. വൈകുന്നേരം മൂന്ന് മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. തിരിച്ചറിയാത്ത എട്ട് പേരുടെ മൃതദേഹങ്ങൾ കഴിഞ്ഞദിവസം പുത്തുമലയിൽ സംസ്കരിച്ചിരുന്നു. മന്ത്രിമാരും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് പ്രിയപ്പെട്ടവർക്ക് വിട ചൊല്ലാനെത്തിയത്.
ഉരുൾപൊട്ടലിൽ ഇതുവരെ 369 പേർ മരണപ്പെട്ടു. ഇതിൽ 37 പേർ കുട്ടികളാണ്. 220 മൃതദേഹങ്ങളും 166 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. കാണാതായവർക്കായി അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചാണ് ഇന്ന് തിരച്ചിൽ തുടരുന്നത്. മീററ്റിൽ നിന്ന് സൈന്യവും പ്രത്യേക പരിശീലനം നേടിയ നാല് നായകളും തിരച്ചിലിന്റെ ഭാഗമാകും. ഡ്രോൺ ഉപയോഗിച്ച് തയ്യാറാക്കിയ മാപ്പ് അടിസ്ഥാനമാക്കിയും ഇന്ന് തിരച്ചിൽ നടത്തും. മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനകൾക്കായി ബന്ധുക്കളുടെ രക്തസാമ്പിളുകൾ ശേഖരിക്കുന്നുണ്ട്.