കേരളത്തിന് ആശ്വാസമായി നാല് കോടിയുടെ സഹായം പ്രഖ്യാപിച്ച് ആസാദ് മൂപ്പന്‍

കേരളത്തിന് ആശ്വാസമായി നാല് കോടിയുടെ സഹായം പ്രഖ്യാപിച്ച് ആസാദ് മൂപ്പന്‍

ദുബായ്: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന് ആശ്വാസമായി നാല് കോടിയുടെ സഹായം പ്രഖ്യാപിച്ച് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍. ഒന്നരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 2.5 കോടി രൂപ പുനരധിവാസത്തിനുമാണ് നല്‍കുക. കേരളം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലേത്. ഇതിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാറിന് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്യുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.

ദുരന്തത്തില്‍ ആസ്റ്റര്‍ ആശുപത്രിയിലെ ജീവനക്കാരെ കാണാതായിട്ടുണ്ടെന്നും അവരെ സുരക്ഷിതമായി തിരികെകൊണ്ടുവരാന്‍ എല്ലാവിധ ശ്രമങ്ങളും തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ദുരന്തത്തില്‍ അകപ്പെട്ട ജീവനക്കാര്‍ക്ക് എല്ലാ പിന്തുണയും ആസ്റ്റര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ദുരിതത്തിലായ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍, ഫസ്റ്റ് എയ്ഡ് ഉല്‍പന്നങ്ങള്‍, മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയും എത്തിച്ചിട്ടുണ്ട്. പരിക്കേറ്റവരെ പരിചരിക്കാന്‍ ആസ്റ്റര്‍ വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

വയനാട്ടിലെ ഡോ. മൂപ്പന്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരന്തമുഖത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്. സര്‍ക്കാര്‍ ആശുപത്രികളുമായി സഹകരിച്ച് പരിക്കേറ്റവര്‍ക്കുവേണ്ടി ചികിത്സ നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )