അതിശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ റെ‍ഡ് അലർട്ട്

അതിശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ റെ‍ഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് മഴ സാധ്യത പ്രവചനത്തിൽ പറയുന്നു. മൺസൂൺ പാത്തി സജീവമായി തുടരുകയാണ്. കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നു. മഴയ്ക്ക് അനുകൂലമായ സാഹചര്യം തുടരുന്നു.

അതിശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ മലയാറ്റൂര്‍ വനം ഡിവിഷന് കീഴിലുളള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നതായി അറിയിപ്പ് വന്നു. കാലടി മഹാഗണിത്തോട്ടം, ഭൂതത്താന്‍കെട്ട്, പാണിയേലിപോര് എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ബുധന്‍, വ്യാഴം, വെള്ളി (ജൂലൈ 31, ഓഗസ്റ്റ് 1, 2) ദിവസങ്ങളിലാണ് അടച്ചിടുക. കോട്ടയത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്രവേശനവിലക്ക് ഏർപ്പെടുത്തി. ഇലവീഴാപൂഞ്ചിറ,ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലെ പ്രവേശനം നിരോധിച്ചു. ഈരാറ്റുപേട്ട വാഗമൺ റോഡിലെ രാത്രികാലയാത്രയ്ക്കും നിരോധനം ഏർപ്പെടുത്തി. ജില്ലയിലെ ഖനനപ്രവർത്തനങ്ങൾക്കും വിലക്കുണ്ട്.

കോഴിക്കോട് ജില്ലയില്‍ കനത്ത മഴയില്‍ മലയോര മേഖലയിലും മാവൂര്‍ പ്രദേശത്തും വെള്ളക്കെട്ട് രൂക്ഷം. നൂറോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. മാവൂര്‍, മുക്കം മേഖലകളിലാണ് മഴക്കെടുതി രൂക്ഷം. മുക്കത്ത് 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചാത്തമംഗലത്ത് പതിനഞ്ച് കുടുംബങ്ങളേയും മാറ്റി, മാവൂരില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തെങ്ങിലക്കടവ്, ആമ്പിലേരി ,വില്ലേരി താഴം ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. ഇവിടെ ഗതാഗത തടസ്സവും രൂക്ഷമാണ്. വെള്ളം കയറിയ റോഡുകള്‍ പോലീസ് ബാരിക്കേഡ് വെച്ച് അടച്ചു. ബദല്‍ റോഡുകളിലൂടെ ഗതാഗതം തിരിച്ചു വിട്ടു. തൃശൂർ വില്ലടത്തെ വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റി. മാടക്കത്തറ പഞ്ചായത്തിലെയും തൃശൂർ കോര്പറേഷനിലെ വില്ലടം ഡിവിഷൻ പ്രദേശത്തെയും 30ലധികം കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. തൃശൂർ ജില്ലയിൽ പീച്ചി, വാഴാനി, പെരിങ്ങൽക്കുത്ത്, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട് ഡാമുകളിൽ നിന്ന് വെള്ളം പുറത്തേക്കു ഒഴുക്കുന്നുണ്ട്.

ചാലക്കുടിയിൽ അതീവ ജാഗ്രത പുറപ്പെടുവിച്ചു. ചാലക്കുടി പുഴയിൽ ഒന്നര മീറ്റർ കൂടി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ജാ​ഗ്രതാ നിർദ്ദേശം. പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ടാമത്തെ സ്ലൂയിസ് വാൽവ് കൂടി തുറന്നു. ചാലക്കുടി പുഴ അപകടകരമായ ജലനിരപ്പിൽ എത്തി. ചാലക്കുടി പുഴയുടെ നിലവിലെ ജലനിരപ്പ് 8.10 മീറ്റർ ആണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (4 )