വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് തീവ്രമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്.
വയനാട് മേപ്പാടി ചൂരല്‍ മലയില്‍ കനത്ത മഴയെ തുടര്‍ന്ന് മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചില്‍. കാശ്മീര്‍ ദ്വീപില്‍ വെള്ളം കയറി. ഒരു കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു. ബാണാസുര സാഗര്‍ ഡാം വൃഷ്ടി പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. ജലനിരപ്പ് 773.50 ആയി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കും. നിലവിലെ ജലനിരപ്പ് 772.50 ആണ്. ഡാമിന്റെ സമീപപ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേപ്പാടിയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പുത്തുമല, വെള്ളാര്‍മല, മുണ്ടക്കൈ എല്‍ പി സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മഴ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. മാനന്തവാടി പെരുവകയില്‍ റോഡരിക് പുഴയിലേക്ക് ഇടിഞ്ഞു. പെരുവക കൂവളമൊട്ടംകുന്ന് റോഡിലാണ് മണ്ണിടിഞ്ഞത്. റോഡിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. മഴക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മലയോര-തീരദേശ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ ചത്തീസ്ഗഡിന് മുകളില്‍ ചക്രവാത ചുഴിയും, വടക്കന്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നതിനാലാണ് മധ്യ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുന്നത്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഏര്‍പ്പെടുത്തിയ മത്സ്യബന്ധന വിലക്കും തുടരും.