അര്‍ജുനെ കണ്ടെത്താന്‍ നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പുഴയിലിറങ്ങി; അടിയൊഴുക്ക് പരിശോധിക്കാനായി പുഴയിലുള്ളത് മൂന്നു ബോട്ടുകളിലായി 15 അംഗ സംഘം
ഷിരൂര്‍: മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം നിര്‍ണായക ഘട്ടത്തില്‍. അര്‍ജുനെ കണ്ടെത്താന്‍ നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പുഴയിലിറങ്ങി. മൂന്നു ബോട്ടുകളിലായി 15 അംഗ സംഘമാണ് അടിയൊഴുക്ക് പരിശോധിക്കാനായി പുഴയിലുള്ളത്.
ഉചിതമായ സമയമെങ്കില്‍ ഇവര്‍ പുഴയുടെ അടിത്തട്ടിലേക്ക് നീങ്ങും. രാവിലെ മുതല്‍ പെയ്തു കൊണ്ടിരുന്ന കനത്ത മഴ ശമിച്ചതിനു പിന്നാലെയാണ് നടപടി. മണ്ണ് മാറ്റുന്നത് വേഗത്തിലാക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കാര്‍വാറില്‍ നിന്നും ഡ്രോണ്‍ ഉപയോഗിക്കാനുള്ള ബാറ്ററി വൈകാതെ എത്തിച്ചേരും. ശക്തമായ മഴ പെയ്താലും ഓക്സിജന്‍ സിലിണ്ടര്‍ ഉപയോഗിച്ച് വാഹനത്തിനരികിലേക്ക് എത്തിക്കാനാണ് നാവികസേന പദ്ധതിയിട്ടിരിക്കുന്നത്. ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിര്‍ണയിക്കാനാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന. പന്ത്രണ്ടരയോടെ ഈ പരിശോധന തുടങ്ങുമെന്നാണ് വിവരം.
ഡ്രോണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്കാനറില്‍ പുഴയ്ക്ക് അടിയിലെ സിഗ്നലും ലഭിക്കും. നോയിഡയില്‍ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഡ്രോണ്‍ എത്തിച്ചത്. അര്ജുന് ഉള്‍പ്പെടെ മൂന്നു പേരെയാണ് ഇനിയും കണ്ടെടുക്കാനുളളത്.