‘കേരളമെന്ന വാക്ക് പോലും ബജറ്റിലില്ല’; വിമര്‍ശനവുമായി വിഡി സതീശന്‍

‘കേരളമെന്ന വാക്ക് പോലും ബജറ്റിലില്ല’; വിമര്‍ശനവുമായി വിഡി സതീശന്‍

തിരുവനന്തപുരം: രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനും അധികാരം നിലനിര്‍ത്താനുമുള്ള ഡോക്യുമെന്റാക്കി മോദി സര്‍ക്കാര്‍ ബജറ്റിനെ മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ദേശീയ കാഴ്ച്ചപ്പാടല്ല സങ്കുചിത രാഷ്ട്രീയ താല്‍പര്യം മാത്രമാണുള്ളത്. ബീഹാറിനും ആന്ധ്രക്കും വാരിക്കോരി കൊടുത്തപ്പോള്‍ കേരളം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ധനമന്ത്രി തയ്യാറാകാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സതീശന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളോട് വേര്‍തിരിവ് നിര്‍ഭാഗ്യകരമാണ്. കേരളത്തില്‍ നിന്ന് എംപിയെ ജയിപ്പിച്ചാല്‍ വാരിക്കോരി കിട്ടുമെന്ന പ്രചാരണത്തിലെ പൊള്ളത്തരം പുറത്ത് വന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു. ഇന്ത്യ എന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാതെ കേന്ദ്ര സര്‍ക്കാരിന്റെ നിലനില്‍പ്പ് മാത്രം അടിസ്ഥാനമാക്കിയാണ് ബജറ്റ് തയ്യാറാക്കിയത്. ദേശീയ ബജറ്റിന്റെ പൊതുസ്വഭാവം തന്നെ ഇല്ലാതാക്കി. ബിജെപിയും ഘടകകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളെന്നും ബിജെപി ഇതര സംസ്ഥാനങ്ങളെന്നുമുള്ള വേര്‍തിരിവ് ബജറ്റ് പ്രസംഗത്തില്‍ ഉണ്ടായത് നിര്‍ഭാഗ്യകരമാണ്.

തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റിട്ടും സാധാരണക്കാരെ മറന്നു കൊണ്ട് കോര്‍പറേറ്റുകളെ സഹായിക്കുന്ന നിലപാട് തന്നെയാണ് മൂന്നാം മോദി സര്‍ക്കാരും പിന്തുടരുന്നതെന്ന് ഈ ബജ്ജറ്റിലൂടെ വ്യക്തമായി. കോര്‍പറേറ്റ് നികുതി കുറച്ചത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. നികുതിദായകര്‍ക്ക് ഇളവുകള്‍ പ്രതീക്ഷിച്ചെങ്കിലും പുതിയ സ്‌കീമില്‍ പേരിനു മാത്രമുള്ള ഇളവുകളാണ് നല്‍കിയത്. ഭവന വായ്പയുള്ള ആദായ നികുതിദായകര്‍ക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. കാര്‍ഷിക കടം എഴുതിത്തള്ളണമെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ല. കോണ്‍ഗ്രസ് മാനിഫെസ്റ്റോയെ പരിഹസിച്ച അതേ മോദി തന്നെയാണ് യുവക്കാള്‍ക്കുള്ള അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം അതില്‍ നിന്നും കടമെടുത്തത്.

കാര്‍ഷിക, തൊഴില്‍, തീരദേശ മേഖലകള്‍ ഉള്‍പ്പെടെ കേരളത്തെ പൂര്‍ണമായും അവഗണിച്ചു. ദുരന്തനിവാരണ പാക്കേജില്‍ കേരളത്തിന്റെ പേരേയില്ല. എയിംസ് സംബന്ധിച്ച് തെരഞ്ഞെടുപ്പു കാലത്ത് നല്‍കിയ വാഗ്ദാനവും പാലിച്ചില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കാലാനുസൃതമായി വര്‍ധിപ്പിക്കാത്തതും കേരളത്തിന് തിരിച്ചടിയാണെന്നും സതീശന്‍ പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )