നദികളില്‍ ജലനിരപ്പ് ഉയരുന്നു; കക്കയം ഡാം തുറന്നേക്കും
കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് കക്കയം ഡാം തുറന്നേക്കും. ജലനിരപ്പ് വന്‍തോതില്‍ ഉയരുന്നതിനാല്‍ വെള്ളം തുറന്നുവിടാന്‍ സാധ്യത. കാസര്‍കോട് തേജസ്വിനി പുഴയില്‍ ജലനിരപ്പ് ഉയരുന്നു. നീലേശ്വരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നദീ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
വടക്കന്‍ കേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. പാലക്കാട് മംഗലം ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നെയ്യാര്‍, കല്ലട, മണിയാര്‍, പീച്ചി, ശിരുവാണി, കാഞ്ഞിരപ്പുഴ, മലമ്പുഴ, മൂലത്തറ, കുറ്റ്യാടി, കാരാപ്പുഴ, പഴശ്ശി തുടങ്ങിയ ഡാമുകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ മണിമല (കല്ലൂപ്പാറ സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരുവന്നൂർ (പാലകടവ് സ്റ്റേഷൻ), ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ), കോഴിക്കോട് ജില്ലയിലെ കുറ്റിയാടി (കുറ്റിയാടി സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നദീതീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.