മാലിന്യങ്ങൾ തടസമായി നിൽക്കുന്നുവെന്ന് സ്കൂബ സംഘം; രക്ഷാപ്രവർത്തനം തുടരുന്നു

മാലിന്യങ്ങൾ തടസമായി നിൽക്കുന്നുവെന്ന് സ്കൂബ സംഘം; രക്ഷാപ്രവർത്തനം തുടരുന്നു

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിടെ കാണാതായ ജോയിക്കായി എൻഡിആർഎഫ്, ഫയർഫോഴ്സ് സ്കൂബ സംഘം പ്ലാറ്റ്ഫോമിലെ മാൻഹോളിൽ ഇറങ്ങി സംഘാംഗങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ രക്ഷാപ്രവർത്തനത്തിന് തടസമായി നിൽക്കുന്നുവെന്ന് ദൗത്യ സംഘത്തിലെ അംഗങ്ങൾ വ്യക്തമാക്കുന്നു. പാറപോലെ മാലിന്യങ്ങൾ ഉറച്ചു കിടക്കുകയാണ്. അത് വകഞ്ഞുമാറ്റി തല പൊക്കാൻ പറ്റുന്നില്ല. 40 മീറ്ററിൽ കൂടുതൽ പോയി.

ജോയി വീണ സ്ഥലത്തുവരെ ഇന്നും ദൗത്യ സംഘമെത്തിയെന്ന് സ്‌കൂബാ ടീം അംഗം സുജയൻ പ്രതികരിച്ചു. രക്ഷാദൗത്യം 22 മണിക്കൂർ പിന്നിടുകയാണ്. തെരച്ചിലിനായി റോബോട്ടിക് സംവിധാനവും ഉപയോഗിച്ചിരുന്നു. ജില്ലാ കളക്ടറും മേയറും എൻ‍ഡിആർഎഫ് സംഘവും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സുരക്ഷ കൂടെ പരി​ഗണിച്ച് തെരച്ചിൽ ഇന്ന് രാവിലെത്തേക്ക് മാറ്റിയത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ വൃത്തിയാക്കുന്നതിനിടെയാണ് ജോയിയെ ഒഴുക്കിൽപ്പെട്ട് കാണാതായത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടിൽ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കിൽ പെടുകയായിരുന്നു.

മഴ പെയ്തപ്പോൾ ജോയിയോട് കരയ്ക്കു കയറാൻ ആവശ്യപ്പെട്ടിരുന്നതായി ഒപ്പമുണ്ടായിരുന്ന ആളുകൾ പറഞ്ഞു. എന്നാൽ തോടിന്റെ മറുകരയിൽ നിന്ന ജോയി ഒഴുക്കിൽ പെടുകയായിരുന്നു. മാരായമുട്ടം സ്വദേശിയാണ് റെയിൽവേയുടെ താൽക്കാലിക തൊഴിലാളിയായ ജോയി. അതേസമയം, രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിന് പ്രത്യേക മെഡിക്കൽ സംഘത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശാനുസരണം നിയോഗിച്ചു. ഓക്‌സിജൻ സപ്പോർട്ട്, ബേസിക് ലൈഫ് സപ്പോർട്ട് തുടങ്ങിയ സംവിധാനങ്ങളുള്ള ആംബുലൻസുകളും സജ്ജമാക്കും. വെള്ളത്തിലിറങ്ങുന്നവർക്ക് ഡോക്‌സിസൈക്ലിൻ ഉൾപ്പെടെയുള്ള പ്രതിരോധ മരുന്നുകളും നൽകും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )