പ്ലസ് വൺ സീറ്റ് പ്രതിസന്ധി; ചൊവ്വാഴ്ച സംസ്ഥാനത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാർഥികളെ വഞ്ചിക്കുന്ന നിലപാട് തുടരുകയും, കെഎസ്‌യു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.
അതേസമയം സീറ്റ് പ്രതിസന്ധിയിൽ വിദ്യാർഥി സംഘടനകൾ പ്രതിഷേധം ശക്തമാക്കവെ നാളെ മന്ത്രി സംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. വിഷയം യോഗത്തിൽ ചർച്ച ചെയ്ത് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കും. സമരം ചെയ്ത എസ്എഫ്‌ഐയെ മന്ത്രി ഇന്ന് പരിഹസിച്ചു.
സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. കുറേ നാളായി സമരം ചെയ്യാതാരിക്കുന്നവരല്ലേ, സമരം ചെയ്ത് ഉഷാറായി വരട്ടെയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അവർ എന്താണ് മനസിലാക്കിയതെന്ന് അറിയില്ലെന്നും തെറ്റിദ്ധാരണയാകുമെന്നുമാണ് മന്ത്രി പറഞ്ഞത്.