ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; വീരമൃത്യു വരിച്ച ജവാന് ആര് വിഷ്ണുവിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും
തിരുവനന്തപുരം: ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന് ആര് വിഷ്ണുവിന്റെ (35) മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. കുഴിബോംബ് പൊട്ടിത്തെറിച്ചാണ് വിഷ്ണുവും ഉത്തര്‍പ്രദേശ് സ്വദേശി ശൈലേന്ദ്രയും (29) കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞിട്ട് ഒന്നര മാസമേ ആയിട്ടുള്ളൂ. അടുത്ത മാസം 15ന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. സൈന്യത്തില്‍ 10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിട്ടുണ്ട് വിഷ്ണു. കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിക്കുന്നതിനിടെ റേഞ്ച് ഇല്ലാത്തതിനാല്‍ ഫോണ്‍ കട്ടായെന്ന് വിഷ്ണുവിന്റെ സഹോദരന് പറഞ്ഞു. പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചതാണ്. അതിനു ശേഷമറിയുന്നത് മരണ വാര്‍ത്തയാണെന്ന് സഹോദരന് പറഞ്ഞു.
വിഷ്ണു ഓടിച്ചിരുന്ന ട്രക്ക് കുഴിബോംബ് പൊട്ടിത്തെറിച്ച് തകരുകയായിരുന്നു. സുഖ്മ ജില്ലയില്‍ ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് ആക്രമണം നടന്നത്. സില്‍ഗര്‍ സേനാ ക്യാമ്പില്‍ നിന്നും ടേക്കല്‍ഗുഡാമിലെ ക്യാമ്പിലേക്ക് പോകുകയായിരുന്ന ട്രക്കില്‍ വിഷ്ണുവിനൊപ്പം ശൈലേന്ദ്രയുമുണ്ടായിരുന്നു. ഇരുവരും സി ആര് പി എഫ് കോബ്ര ബറ്റാലിയനിലെ ജവാന്മാരാണ്.
ആക്രമണം നടത്തിയ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് സി ആര് പി എഫ് അറിയിച്ചു. അഞ്ച് ദിവസം മുമ്പ് സുഖ്മയില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. മാവോയിസ്റ്റുകളുടെ ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. പിന്നാലെയാണ് ട്രക്ക് ലക്ഷ്യമിട്ട് കുഴിബോംബ് ആക്രമണമുണ്ടായത്.
നടപടികള്‍ പൂര്‍ത്തിയാക്കി ജവാന്മാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സി ആര് പി എഫ് നടപടി തുടങ്ങി. നാടിനാകെ പ്രിയങ്കരനായിരുന്ന വിഷ്ണുവിന്റെ വിയോഗം ഒരു പ്രദേശത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. പാലോട് ഫാം ജംഗ്ഷന് അനിഴം ഹൗസില്‍ രഘുവരന്റേയും അജിതയുടേയും മകനാണ് വിഷ്ണു. ഭാര്യ നിഖില ശ്രീചിത്രാ ആശുപത്രിയില്‍ നഴ്സാണ്. നിര്‍ദ്ദേവ്, നിര്‍വ്വിന്‍ എന്നീ രണ്ട് മക്കളുണ്ട്.