ബംഗാളിൽ നാലു വയസുകാരിക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു; റിപ്പോർട്ട് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നാലുവയസുകാരിക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. എച്ച് -9 എൻ -2 വൈറസുകളാണ് ഈ രോഗത്തിന് കാരണം.
അഞ്ച് വർഷത്തിനിടയിൽ ഇന്ത്യയിൽ ആദ്യമായാണ് മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും പനിയും അടിവയറ്റിൽ വേദനയുമായി ഫെബ്രുവരിയിൽ ഒരു കുട്ടിയെ പ്രാദേശിക ആശുപത്രിയിൽ കുട്ടികൾക്കുള്ള ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മൂന്ന് മാസം നീണ്ട ചികിത്സയ്ക്കൊടുവിൽ കുട്ടി ആശുപത്രി വിട്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
കുട്ടി വീടിന് സമീപത്തെ പക്ഷി വളർത്തൽ കേന്ദ്രത്തിൽ പോകാറുണ്ടായിരുന്നു. എന്നാൽ, കുട്ടിയുമായി അടുത്തിടപഴകിയ മറ്റാർക്കും രോഗലക്ഷണങ്ങൾ ഇതുവരെ റിപോർട്ട് ചെയ്തിട്ടില്ല. ഇന്ത്യയിൽ ഇപ്പോൾ രണ്ടാമത്തെയാൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. അഞ്ച് വർഷം മുമ്പ് 2019ൽ ഒരാളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു. എച്ച് 9 എൻ 2 വൈറസ് ബാധയാൽ സാധാരണ ചെറിയ ആരോഗ്യപ്രശ്നങ്ങൾ മാത്രമാണ് ഉണ്ടാകാറുള്ളത്.
എന്നാൽ കോഴിയിറച്ചികളിൽ സാധാരണ കണ്ടുവരുന്ന ഏവിയൻ ഇൻഫ്ളുവൻസ വൈറസുകളിലൊന്നാണ് എച്ച് 9 എൻ 2. അതുകൊണ്ട് മനുഷ്യരിലേക്ക് ഇത് കൂടുതലായി ബാധിക്കാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.