10 വയസ്സുകാരനെതിരെ പ്രകൃതിവിരുദ്ധ പീഡനം; വയോധികന് തടവും പിഴയും
മഞ്ചേരി: 10 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികനെ മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി ആറര വര്‍ഷം കഠിന തടവിനും 14,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. അല്‍ക്കോട് മുതുവല്ലൂര്‍ മുണ്ടക്കല്‍ മലപ്പുറത്തുപുറായി നാഗനെയാണ് (68) ജഡ്ജി എസ്. രഗ്മി ശിക്ഷിച്ചത്. 2022 നവംബറിലാണ് കേസിനാസ്പദമായ സംഭവം. പോക്സോ ആക്ടിലെ മൂന്നു വകുപ്പുകളിലാണ് ശിക്ഷ. ആദ്യ വകുപ്പില്‍ രണ്ടര വര്‍ഷം തടവ് 5000 രൂപ പിഴ പിഴയടച്ചില്ലെങ്കില്‍ രണ്ടു മാസത്തെ അധിക തടവ് എന്നതാണ് ശിക്ഷ. മറ്റ് രണ്ടു വകുപ്പുകളിലും ഒരു വര്‍ഷം വീതം തടവ് , 3000 രൂപ വിതം തടവ് എന്നിങ്ങനെയാണ് ശിക്ഷ. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് രണ്ട് വര്‍ഷം കഠിന തടവും 3000 രൂപ പിഴയും ശിക്ഷയനുഭവിക്കണം.
പിഴയടച്ചില്ലെങ്കില്‍ ഈ മൂന്ന് വകുപ്പുകളിലും ഒരു മാസം വീതം അധിക തടവ് അനുഭവിക്കണം. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ രണ്ടു വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാ ല്‍ മതിയാകും. അരീക്കോട് പൊലീസ് സ്റ്റേഷന്‍ എസ്.ഐ ആയിരുന്ന യു.കെ. ജിതിന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍, എസ്. ഐ വി.യു. അബ്ദുല്‍ അസീസാണ് പ്രതിയെ അറസ്റ്റ് ചെയ്തതും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷനായി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.എന്‍. മനോജ് 15 സാക്ഷികളെ വിസ്തരിച്ചു, 14 രേഖകളും ഹാജരാക്കി.