ബൈജൂസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന ജീവനക്കാരുടെ രാജി
മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എജ്യൂടെക് സ്ഥാപനമായ ബൈജൂസിനെ കൂടുതൽ വലച്ച് മുതിര്‍ന്ന ജീവനക്കാരുടെ രാജി. ഉപദേശക സമിതി അംഗങ്ങളായ രജനിഷ് കുമാറും മോഹന്‍ദാസ് പൈയുമാണ് രാജി പ്രഖ്യാപിച്ചത്.
ജൂണ്‍ 30ന് അവസാനിക്കുന്ന കരാര്‍ പുതുക്കേണ്ടതില്ലെന്ന് ഇരുവരും തീരുമാനിച്ചതായി കമ്പനി അറിയിച്ചു. ഓഹരി ഉടമകളുമായി ബന്ധപ്പെട്ട് ബൈജൂസ് നിയമ പോരാട്ടങ്ങള്‍ നടത്തുന്നതിനിടെയാണ് മുതിര്‍ന്ന ജീവനക്കാരുടെ രാജിയും വരുന്നത്. രജനീഷ് കുമാറും മോഹന്‍ദാസ് പൈയും കഴിഞ്ഞ വര്‍ഷം വിലമതിക്കാനാകാത്ത പിന്തുണയാണ് നല്‍കിയതെന്ന് ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി.
രജനീഷ് കുമാര്‍ എസ്ബിഐയുടെ മുന്‍ ചെയര്‍മാനും മോഹന്‍ദാസ് പൈ ഇന്‍ഫോസിസിൻ്റെ മുന്‍ ഫിനാന്‍ഷ്യല്‍ ഓഫീസറുമായിരുന്നു. അതേസമയം ഏത് ഉപദേശത്തിനും എപ്പോഴും തങ്ങളെ ബന്ധപ്പെടാമെന്നും ഇരുവരും വ്യക്തമാക്കി. കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് എജ്യുടെക് സ്ഥാപനമായ ബൈജൂസ് കടന്നുപോകുന്നത്. ശമ്പളം നല്‍കാന്‍ പോലും പണമില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. നിരവധി ജോലിക്കാരെ പറഞ്ഞയക്കുകയും ചെയ്തു. നിക്ഷേപകരില്‍ ചിലരുടെ ബുദ്ധിശൂന്യമായ നിലപാടാണ് ശമ്പളം നല്‍കാനായി സ്വരൂപിച്ച പണം പോലും ചെലവഴിക്കാനാകാത്തതെന്ന് സ്ഥാപകനായ ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.
2011ല്‍ ആരംഭിച്ച ബൈജൂസ്, 2022ല്‍ 22 ബില്യണ്‍ ഡോളറിൻ്റെ ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാര്‍ട്ടപ്പായി മാറിയിരുന്നു. ബൈജൂസ് ലേണിംഗ് ആപ്പ്, വിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെ മാറ്റി. പ്രൈമറി സ്‌കൂള്‍ മുതല്‍ എം.ബി.എ വരെയുള്ള വിദ്യാര്‍ഥികളെ സഹായിച്ചു. എന്നാല്‍ സമീപകാലത്തെ സാമ്പത്തിക റിപ്പോര്‍ട്ടുകളും പ്രശ്‌നങ്ങളും കമ്പനിയെ സാരമായി ബാധിച്ചിട്ടുണ്ട്.