മേയറുടെ വാദം പൊളിഞ്ഞു! ബസിന് കുറുകെ സീബ്ര ലൈനിൽ കാറിട്ടു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കെഎസ്ആര്‍ടിസി ബസിന് കുറുകെ കാറിട്ട ശേഷമായിരുന്നു വാക്പോര്. സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാറിട്ടിരിക്കുന്നത്. ശനിയാഴ്ച രാത്രി 9.45-ന് പാളയം സാഫല്യം കോംപ്ലക്സിന് മുന്നിലെ സിഗ്നലിലാണ് സംഭവം. പ്ലാമൂട് – പിഎംജി റോഡില്‍ ബസും കാറും സമാന്തരമായി വരുന്നതും ഒടുവില്‍ പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. നേരത്തെ ബസ് തടഞ്ഞില്ലെന്ന് മേയര്‍ പറഞ്ഞിരുന്നു.
ഇതിനിടെ മേയറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി ആരംഭിച്ചു. ഡ്രൈവര്‍ യദുവിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ ഡിടിഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാനും യദുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പട്ടത്തു നിന്നും പാളയം വരെ മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നായിരുന്നു ആരോപണം. ഇതോടെ ബസ്സിനു മുന്നില്‍ കാര്‍ വട്ടം നിര്‍ത്തിയിട്ടു. ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. സംഭവത്തിന് പിന്നാലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ മേയറുടെ കേസെടുക്കുകയും ചെയ്തു. വാഹനത്തില്‍ രണ്ട് സ്ത്രീകളുണ്ടായിരുന്നു. ഇവര്‍ക്ക് നേരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് മേയര്‍ പറയുന്നു. ബസ് തടഞ്ഞിട്ടില്ല. സിഗ്നലില്‍ നിര്‍ത്തിയിട്ടപ്പോഴാണ് ഡ്രൈവറെ ചോദ്യം ചെയ്തത്. വാഹനത്തിന് സൈഡ് നല്‍കാത്തതല്ല പ്രശ്നം. അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നമെന്നും ഇതില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മേയര്‍ വ്യക്തമാക്കി. ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നതായും മേയര്‍ ആരോപിച്ചിരുന്നു.
സ്വകാര്യ വാഹനത്തിലായിരുന്നു മേയറും സംഘവും യാത്ര ചെയ്തിരുന്നത്. ഭര്‍ത്താവ് സച്ചിന് ദേവ് എം.എല്‍.എയും വാഹനത്തിലുണ്ടായിരുന്നു. . മേയറും ഒപ്പമുണ്ടായിരുന്നവരും ഡ്രൈവറെ ചോദ്യംചെയ്യാന്‍ ആരംഭിച്ചതോടെ വാക്കുതര്‍ക്കമായി. ഇതോടെ ശമ്പളം തന്നിട്ട് സംസാരിക്കെന്ന് ഡ്രൈവര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. തങ്ങള്‍ക്കെതിരെ ഡ്രൈവര്‍ അശ്ലീല ആം?ഗ്യം കാണിച്ചെന്ന് മേയര്‍ ആരോപണം ഉന്നയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്. ഇതിനായി മേയറുടെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തു.
അതേസമയം കെ.എസ്.ആര്.ടി. സി ബസ് അമിതവേഗത്തിലെത്തി മേയറുടേയും മറ്റൊരു വാഹനത്തില്‍ തട്ടുന്നതിന് സമാനമായ സാഹചര്യത്തില്‍ കടന്നുപോയതായും പറയുന്നുണ്ട്. സംഭവത്തിന് പിന്നാലെ ശനിയാഴ്ച രാത്രിതന്നെ മേയര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിനെതിരെയാണ് പരാതി. മേയര്‍ക്കും എം.എല്‍.എ സച്ചിന്‍ദേവിനുമെതിരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതിനും കേസുണ്ട്. എന്നാല്‍ ട്രിപ്പ് മുടക്കിയെന്ന് ചൂണ്ടിക്കാട്ടി മേയര്‍ക്കെതിരെ ഡ്രൈവര്‍ നല്കിയ പരാതിയില്‍ കെസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.