‘സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണോ ദല്ലാള്‍ നന്ദകുമാറാണോ’: ശോഭ സുരേന്ദ്രന്‍
ആലപ്പുഴ: ദല്ലാള്‍ നന്ദകുമാറിനെതിരെ ശോഭ സുരേന്ദ്രന്‍ രംഗത്ത്. 10 ലക്ഷം വാങ്ങിയിട്ട് തിരികെ തന്നില്ലന്ന് ആരോപണം ഉന്നയിച്ചതിനെതിരെയാണ് ശോഭ സുരേന്ദ്രന്‍ രംഗതെത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണോ ദല്ലാള്‍ നന്ദകുമാറാണോയെന്ന് അവര്‍ ചോദിച്ചു. ആ റോളിപ്പോള്‍ നന്ദകുമാറാണ് ഏറ്റെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്നെ പരാജയപ്പെടുത്താന്‍ കഥയുമായി വീണ്ടും ഇറങ്ങിയിരിക്കുകയാണ്. ഒരു സ്ത്രീയെന്ന നിലയില്‍ തന്നെ അപമാനിക്കാനും ആക്ഷേപിക്കാനുമാണ് നന്ദകുമാര്‍ ശ്രമിക്കുന്നത്.
വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അടിയന്തരമായി അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാവണം. ഇക്കാര്യത്തില്‍ തെളിവുകള്‍ സഹിതം നന്ദകുമാറിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. നടപടി ഇല്ലെങ്കില്‍ ഡിജിപിയുടെ വീട്ടിനു മുന്നില്‍ സമരം ചെയ്യും. ഡിജിപിയെ വഴിയില്‍ തടയാനും മടിയില്ല കേരളത്തില്‍ ഒരു സ്ത്രീക്കെതിരെയും സൈബര്‍ ആക്രമണം ഉണ്ടാകാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞ വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ശോഭ സുരേന്ദ്രന്റെ ഭൂമിയുമായി ബന്ധപ്പെട്ട വിവാദത്തിലെ ആരോപണത്തിലുറച്ച് നന്ദകുമാര്‍ ഇന്ന് രംഗത്തെത്തിയിരുന്നു.ശോഭ സുരേന്ദ്രന്റെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളില്‍ പ്രശ്‌നം ഉണ്ടായിരുന്നു.തെരഞ്ഞെടുപ്പു കമ്മിഷന് നല്‍കിയ വിവരങ്ങളിലും ഈ ഭൂമിയുടെ വിവരം ഇല്ല.ഇക്കാര്യത്തില്‍ വ്യക്തത തേടി രണ്ട് കത്ത് നല്‍കി.അതിന് മറുപടി നല്‍കിയില്ല. ശോഭ സുരേന്ദ്രന്‍ അന്യായമായി കൈയ്യടക്കിയ ഭൂമി ആയിരുന്നു തന്നോട് വില്‍ക്കാന്‍ പറഞ്ഞത്. അതിനാലാണ് ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്നത്.സംരക്ഷണ ഭര്‍ത്താവിന്റെ ഭാര്യ പ്രസന്നയുടെ പേരിലായിരുന്നു ഭൂമി. അത് അവര്‍ അറിയാതെ ശോഭ സുരേന്ദ്രന്‍ വില്‍പ്പനയ്ക്ക് ശ്രമിക്കുകയായിരുന്നു. ശോഭ സുരേന്ദ്രന്‍ തട്ടിപ്പ് സംഘത്തില്‍ പെട്ടുവെന്നും നന്ദകുമാര്‍ ആരോപിച്ചു.