കറുത്ത കുട്ടികള്‍ ഡാന്‍സ് പഠിക്കാന്‍ വന്നാല്‍ അവരോട് മത്സരിക്കാന്‍ പോകണ്ടെന്ന് പറയും; അധിക്ഷേപം തൂടര്‍ന്ന് നര്‍ത്തകി സത്യഭാമ
തൃശൂര്‍: താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഒട്ടും കുറ്റബോധമില്ലെന്നും നര്‍ത്തകി കലാമണ്ഡലം സത്യഭാമ. കറുത്ത കുട്ടികള്‍ തന്റെ അടുത്ത് ഡാന്‍സ് പഠിക്കാന്‍ വന്നാല്‍ അവരോട് മത്സരിക്കാന്‍ പോകണ്ടെന്ന് പറയുമെന്നും സൗന്ദര്യത്തിന് മാര്‍ക്ക് ഉണ്ടെന്നും സത്യഭാമ പറഞ്ഞു. വംശീയ, ജാതിയധിക്ഷേപം മാധ്യമങ്ങളോട് തുടരുകയാണ് സത്യഭാമ. മോഹിനിയാട്ടം അവതരിപ്പിക്കുന്നത് മോഹിനിയാവണം, മോഹനനാവരുത്. കറുത്ത കുട്ടികള്‍ക്ക് സൗന്ദര്യമല്‍സരത്തിന് ഫസ്റ്റ് കിട്ടിയിട്ടുണ്ടോ എന്നും അവര്‍ ചോദിച്ചു.
ഞാന്‍ പറഞ്ഞത് എന്റെ അഭിപ്രായമാണ്. സൗന്ദര്യവും അഭിനയവും നോക്കിയാണ് കലോല്‍സവത്തില്‍ മാര്‍ക്കിടുന്നത്. ‘ഒരു മല്‍സരത്തിന് 5000 രൂപ കൊടുത്ത് മേക്കപ്പിടുന്നത് സൗന്ദര്യം ഉണ്ടാക്കിയെടുക്കാനാണ്- അവര്‍ പറഞ്ഞു. ‘നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു വാര്‍ത്തയാണ് വേണ്ടത്, ഞാന്‍ ആ അഭിമുഖത്തില്‍ ആരുടെയും പേര് പറഞ്ഞിട്ടില്ല , പിന്നെ എന്താണ് നിങ്ങളുടെ പ്രശ്‌നം, ഞാന്‍ ഇനിയും പറയും, പറഞ്ഞതില്‍ എനിക്ക് കുറ്റബോധമില്ല, ഞാന്‍ പറഞ്ഞത് സൗന്ദര്യത്തെ പറ്റിയാണ്, കറുത്ത കുട്ടികള്‍ വന്നാല്‍ മത്സരത്തിന് പോകണ്ടെന്ന് ഞാന്‍ പറയും, സൗന്ദര്യത്തിന് മാര്‍ക്ക് ഉണ്ട്’- അവര്‍ പറഞ്ഞു.