ചെന്താമര കുളത്തിലോ? പ്രതിക്കായി തറവാട് വീട്ടിലെ കുളത്തിൽ തിരച്ചിൽ, മുങ്ങൽ വിദഗ്ധരുടെ സഹായം തേടി
പാലക്കാട് നെന്മാറ പോത്തുണ്ടിയില്‍ അമ്മയെയും മകനെയും വെട്ടിക്കൊന്ന ചെന്താമരനെ കണ്ടെത്താന്‍ ജലാശയങ്ങളിലും തിരച്ചില്‍. തിരച്ചിലിന് മുങ്ങല്‍ വിദഗ്ധരുടേയും സഹായം പൊലീസ് തേടിയിട്ടുണ്ട്. ജലാശയങ്ങളില്‍ പരിശോധന നടത്തും. പ്രതി വിഷം കഴിച്ച് വെള്ളത്തില്‍ ചാടിയെന്ന സംശയത്തിലാണ് മുങ്ങല്‍ വിദഗ്ധരുടെ സഹായം തേടിയത്. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ ഇന്ന് പരിശോധന തുടരും. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏഴുപേരടങ്ങുന്ന 4 ടീമുകളാണ് പരിശോധന നടത്തുക. കൊലപാതക ശേഷം പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തിരച്ചില്‍ വ്യാപിപ്പിക്കും.
2019 ലെ കൊലപാതകത്തിന് സമാനമായ രീതിയില്‍ വിശന്നാല്‍ ഭക്ഷണത്തിനായി ഒളിവ് വിട്ട് ചെന്താമര പുറത്തിറങ്ങിയേക്കാമെന്നാണ് പൊലിസ് കരുതുന്നത്. പ്രതിയുടെ വീട്ടില്‍ നിന്നും പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയതിനാല്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അതേസമയം നെന്മാറ ഇരട്ട കൊലപാതകത്തിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കൊല്ലപ്പെട്ട സുധാകരന്റെ ശരീരത്തില്‍ ആഴത്തിലുള്ള 6 മുറിവുകളും സുധാകരന്റെ അമ്മയായ ലക്ഷ്മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളും കണ്ടെത്തി. റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് ചെന്താമര ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെയായിരുന്നു നെന്മാറ പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. പോത്തുണ്ടി സ്വദേശികളായ സുധാകരന്, അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. 2019 ല്‍ സുധാകരന്റെ ഭാര്യയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ചെന്താമരയുടെ കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം സുധാകരന്റെ കുടുംബമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. ഇതിന് ശേഷം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിലില്‍ കഴിയുന്നതിനിടെ 2022 ല്‍ കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. നെന്മാറ പൊലീസ് സ്റ്റേഷന് പരിധിയില്‍ കടക്കരുതെന്നായിരുന്നു ഉപാധി. 2023ല്‍ നെന്മാറ പഞ്ചായത്ത് പരിധി മാത്രമാക്കി ഇളവ് ചുരുക്കി. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടില്‍ താമസിച്ചത്.