അര്‍ഹരായ മറ്റാര്‍ക്കെങ്കിലും കൊടുക്കൂ… സംസ്ഥാന ചലച്ചിത്രപുരസ്കാരം നിരസിച്ച് കിച്ച സുദീപ്
കര്‍ണാടക സര്‍ക്കാര്‍ 2019ലെ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖാപിച്ചത് ഈയിടെയാണ്. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് കിച്ച സുദീപ് ആണ്. അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത് പയല്‍വാന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്. എന്നാല്‍, ഈ പുരസ്കാരം നിരസിച്ചിരിക്കുകയാണ് താരം.
തനിക്ക് പകരം അര്‍ഹരായ മറ്റാര്‍ക്കെങ്കിലും അവാര്‍ഡ് നല്‍കണമെന്നാണ് അദ്ദേഹം സര്‍ക്കാരിനോടും ജൂറിയോടും അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് നടന്റെ പ്രതികരണം. പുരസ്കാരങ്ങള്‍ സ്വീകരിക്കില്ലെന്ന് കുറേ കാലങ്ങളായി തീരുമാനിച്ചിരിക്കുന്നതാണ്. ഭാവിയിലും ഒരു പുരസ്കാരവും സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
സിനിമയ്ക്കുവേണ്ടി ഹൃദയം നല്കിയ അര്‍ഹരായ മറ്റ് അഭിനേതാക്കള്‍ ഇന്‍ഡസ്ട്രിയിലുണ്ട്. ഈ പുരസ്കാരം അങ്ങനെ അവര്‍ക്ക് നല്‍കണം. അതുകാണുമ്പോള്‍ താന്‍ ഏറെ സന്തോഷിക്കുമെന്ന് അദ്ദേഹം കുറിച്ചു. ജൂറി അംഗങ്ങളോടും സംസ്ഥാന സര്‍ക്കാരിനോടും ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു.
എന്റെ തിരഞ്ഞെടുപ്പിനെ നിങ്ങള്‍ ബഹുമാനിക്കുകയും ഞാന്‍ തിരഞ്ഞെടുത്ത പാതയില്‍ എന്നെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ പ്രവര്‍ത്തനത്തെ അംഗീകരിച്ചതിനും ഈ അവാര്‍ഡിന് എന്നെ പരിഗണിച്ചതിനും ബഹുമാനപ്പെട്ട ജൂറി അംഗങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിനും ഒരിക്കല്‍ കൂടി നന്ദി പറയുന്നുവെന്ന് സുദീപ് കൂട്ടിച്ചേര്‍ത്തു