പണിമുടക്കി സർക്കാർ ജീവനക്കാർ; ഭരണാനുകൂല സർവീസ് സംഘടന ഉൾപ്പെടെ സമരരംഗത്ത്
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കും. പ്രതിപക്ഷ സര്‍വീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയുടെയും സിപിഐ സംഘടന ജോയിന്റ് കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് പണിമുടക്ക്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം താത്കാലികമായി തടസപ്പെട്ടേക്കാം.
അതേസമയം സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലും വിവിധ ഓഫിസുകളിലും ജില്ലാ തലത്തിലും സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തും. സെക്രട്ടേറിയറ്റ്, വില്ലേജ്- താലൂക്ക് ഓഫിസുകള്‍, കലക്ടറേറ്റുകള്‍, മൃഗസംരക്ഷണ ഓഫിസുകള്‍ എന്നിവിടങ്ങളിലും ജീവനക്കാര്‍ സമരം ചെയ്യുമെന്നു സംഘടനകള്‍ പറഞ്ഞു. ജീവനക്കാര്‍ പണിമുടക്കുന്നതോടെ, വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സാധാരണക്കാര്‍ വലയും.
ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുക, ഡിഎ കുടിശ്ശിക വെട്ടികുറച്ച നടപടി പിന്‍വലിക്കുക, ലീവ് സറണ്ടര്‍ അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാരുള്ള ഓഫിസുകള്‍ക്കു പൊലീസ് സംരക്ഷണം നല്‍കും.