‘മഹാരാജയിലെ വില്ലനെ ഇഷ്ടമായി’; അനുരാഗ് കശ്യപിനെ ഹോളിവുഡിലേക്ക് ക്ഷണിച്ച് ഓസ്‌കര്‍ ജേതാവായ സംവിധായകന്‍
തുടര്‍ച്ചയായി രണ്ട് തവണ ഓസ്‌കാര്‍ ജേതാവായ ഹോളിവുഡ് സംവിധായകന്‍ അലജാന്‍ഡ്രോ ഗോണ്‍സാലസ് ഇനാരിതു അനുരാഗ് കശ്യപിന് തന്റെ അടുത്ത സിനിമയില്‍ ഒരു വേഷം വാഗ്ദാനം ചെയ്തുവെന്ന് സംവിധായകന്‍ നിതിലന്‍ സ്വാമിനാഥന്‍ . ചെന്നൈയില്‍ നടന്ന ഗലാട്ട നക്ഷത്ര അവാര്‍ഡ് ദാന ചടങ്ങിലാണ് നിതിലന്‍ ഇതേക്കുറിച്ച് സംസാരിച്ചത്. ഇനരിറ്റു ‘മഹാരാജ’ എന്ന തമിഴ് ചിത്രം കണ്ടിട്ടാണ് വില്ലന്‍ കഥാപാത്രമായ അനുരാഗ് കശ്യപിന് തന്റെ അടുത്ത സിനിമയില്‍ ഒരു വേഷം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനെപറ്റി നിതിലന്‍ സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
അടുത്തിടെ അനുരാഗ് കശ്യപിന്റെ മകളുടെ വിവാഹത്തിനായി മുംബൈയില്‍ പോയപ്പോഴാണ് ഇക്കാര്യം തന്നോട് അദ്ദേഹം പറഞ്ഞതെന്ന് നിതിലന്‍ സ്വാമിനാഥന്‍ പറയുന്നു. താന്‍ അനുരാഗ് സാറിന്റെ വലിയൊരു ആരാധകന്‍ ആണെന്നും ഇത് കേട്ടപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
‘മഹാരാജ’ പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ അലജാന്‍ഡ്രോ ഗോണ്‍സാലസ് ഇനരിറ്റു കണ്ടു എന്നത് ഇപ്പോള്‍ വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ് . ഹോളിവുഡ് സംവിധായകര്‍ പോലും ഇന്ത്യന്‍ ചിത്രങ്ങളെ ശ്രദ്ധിക്കുന്നു എന്ന രീതിയിലാണ് നിഥിലന്‍ സ്വാമിനാഥന്റെ വാക്കുകള്‍ വൈറലാകുന്നത്. മൈക്കല്‍ കീറ്റണ്‍ നായകനായ ബേര്‍ഡ്മാന്‍, ലിയോനാര്‍ഡോ ഡികാപ്രിയോ നായകനായ ദി റെവനന്റ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തതിന് ഇനാരിറ്റു ബാക്ക്-ടു-ബാക്ക് ഓസ്‌കാര്‍ നേടിയിട്ടുണ്ട്. മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്‌കാറിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ബാര്‍ഡോ: ഫാള്‍സ് ക്രോണിക്കിള്‍ ഓഫ് എ ഹാന്‍ഡ്ഫുള്‍ ഓഫ് ട്രൂത്ത്സ് ആയിരുന്നു അദ്ദേഹത്തിന്റെ അവസാന സംവിധാന ഫീച്ചര്‍.
എന്നാല്‍ ഇതിനെക്കുറിച്ച് ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല, അനുരാഗ് കശ്യപ് ഇതുവരെ ഇക്കാര്യം സംസാരിച്ചിട്ടില്ല. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ടോം ക്രൂസ് നായകനാകുന്ന പുതിയ ഇംഗ്ലീഷ് ഫീച്ചര്‍ ഫിലിമിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ അലജാന്‍ഡ്രോ ഗോണ്‍സാലസ് ഇനാരിറ്റു ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അടുത്തിടെ അനുരാഗ് കശ്യപ് ബോളിവുഡുമായുള്ള തന്റെ നിരാശ പ്രകടിപ്പിക്കുകയും ജോലിക്കായി കേരളത്തിലേക്ക് പോകുകയാണെന്ന് പറയുകയും ചെയ്തിരുന്നു. ആഷിക് അബു സംവിധാനം ചെയ്ത ഏറ്റവും പുതിയ മലയാള ചിത്രം റൈഫിള്‍ ക്ലബില്‍ വില്ലനായി എത്തി അനുരാഗ് കശ്യപ് ഏറെ ശ്രദ്ധ നേടി. കെന്നഡി ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ഫീച്ചര്‍ ഫിലിം, ഇന്ത്യയില്‍ ഇതുവരെ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനായിട്ടില്ല.