‘പിസി ജോർജിനെ മതമൗലികവാദികൾ വേട്ടയാടുന്നു, ബിജെപി നിയമപരമായി നേരിടും’: കെ.സുരേന്ദ്രൻ

‘പിസി ജോർജിനെ മതമൗലികവാദികൾ വേട്ടയാടുന്നു, ബിജെപി നിയമപരമായി നേരിടും’: കെ.സുരേന്ദ്രൻ

മതമൗലികവാദികളുടെ ഭീഷണിക്ക് വഴങ്ങി പിസി ജോര്‍ജിനെതിരെ സര്‍ക്കാര്‍ കേസെടുത്തത് അന്യായമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ചാനല്‍ ചര്‍ച്ചയില്‍ സംഭവിച്ച നാക്ക് പിഴക്ക് അദ്ദേഹം ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞിട്ടും വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല. പിസി ജോര്‍ജിനെ മതമൗലികവാദികള്‍ വേട്ടയാടുകയാണ്. ഇത് അംഗീകരിക്കാനാവില്ല. ഇതിനെ ബിജെപി നിയമപരമായും രാഷ്ട്രീയമായും നേരിടും.

ടിജെ ജോസഫ് മാഷിനെതിരെ വിഎസ് സര്‍ക്കാര്‍ കേസെടുത്തതിന് സമാനമാണ് ഇപ്പോള്‍ പിസി ജോര്‍ജിനെതിരെ പിണറായി സര്‍ക്കാര്‍ കേസെടുത്തത്. ഇതിന്റെ ധൈര്യത്തിലായിരുന്നു തീവ്രവാദികള്‍ ജോസഫ് മാഷിന്റെ കൈവെട്ടിയത്. പിസിക്കെതിരെയും ഇത്തരത്തിലാണ് മതമൗലികവാദികള്‍ കൊലവിളി മുഴക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുത്തു. യൂത്ത് ലീഗ് നല്കിയ പരാതിയില്‍ ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം. മതസ്പര്‍ധ വളര്‍ത്തല്‍ കലാപാഹ്വാനം എന്നിവയ്ക്കാണ് കേസ്. വിവാദമായതിന് പിന്നാലെ സോഷ്യല്‍ മീഡിയായിലൂടെ പി സി ജോര്‍ജ് മാപ്പ് പറഞ്ഞിരുന്നു.

ഇന്ത്യയിലെ മുസ്‌ലിംങ്ങള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു വിവാദ പരാമര്‍ശം. മുസ്‌ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നും ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി ജലീല്‍, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെല്ലാം ചേര്‍ന്ന് പാലക്കാട്ട് ബിജെപിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും ജോര്‍ജ് ചര്‍ച്ചയില്‍ ആരോപിച്ചു.

ഇക്കാര്യങ്ങള്‍ ചുണ്ടിക്കാട്ടി വിഡിയോ സഹിതമാണ് ഈരാറ്റുപേട്ട മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, പിഡിപി തുടങ്ങി സംഘടനകള്‍ പരാതി നല്‍കിയത്. ഏഴോളം പരാതികളാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )