സംഭൽ പള്ളിയിലെ കിണറിൽ പൂജ നടത്താനുള്ള നീക്കം തടഞ്ഞ് സുപ്രീം കോടതി
ഡൽഹി: ഉത്തർപ്രദേശിലെ സംഭൽ ജുമാ മസ്ജിദിന് അടുത്തുള്ള കിണറിൽ പൂജ നടത്താനുള്ള നടപടി തടഞ്ഞ് സുപ്രീം കോടതി. സംഭൽ മുൻസിപ്പാലിറ്റി അധികൃതർ കിണർ വൃത്തിയാക്കി പൂജയും പ്രാർത്ഥനും തുടങ്ങാനുള്ള നീക്കം തുടങ്ങിയിരുന്നു. അത് അനാവശ്യ സംഘർഷങ്ങൾക്ക് ഇടയാക്കുമെന്ന് മസ്ജിദ് കമ്മിറ്റിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുഫേസ അഹമദി ചൂണ്ടിക്കാട്ടി.
ഇതേ തുടർന്നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ച് മുൻസിപ്പാലിറ്റി പുറപ്പെടുവിച്ച നോട്ടീസിലെ തുടർനടപടി സ്റ്റേ ചെയ്തത്. 21നുള്ളിൽ നിലപാട് വ്യക്തമാക്കണമെന്ന് നിർദേശിച്ച് കോടതി അധികൃതർക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
മസ്ജിദിന്റെ പുറത്താണെ് കിണറെന്ന് എതിർ കക്ഷികൾക്കുവേണ്ടി അഡ്വ. വിഷ്ണു ശങ്കർ ജെയിൻ വാദിച്ചു. കിണറിന്റെ പകുതി മസ്ജിദിന്റെ ഭൂമിയിലാണെന്നും കാലങ്ങളായി മസ്ജിദിലേക്ക് വെള്ളം അവിടെ നിന്നാണ് എടുക്കുന്നതെന്നും ഹുഫേസ അഹമദി പ്രതികരിച്ചു. അതേസമയം രണ്ടാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. സംഭലിലെ സാഹചര്യങ്ങൾ കോടതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സമാധാനവും സാഹോദര്യവും തകർക്കുന്ന ഒരു നീക്കവും പാടില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.