ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും; ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി, പരാമർശം ആവർത്തിക്കില്ലെന്ന് ബോബി

ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും; ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി, പരാമർശം ആവർത്തിക്കില്ലെന്ന് ബോബി

ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരും. അടിയന്തരമായി ജാമ്യഹര്‍ജി പരിഗണിക്കേണ്ട കാര്യം എന്താണെന്ന് കോടതി ചോദിച്ചു. ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി. പൊതു ഇടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് കോടതി പറഞ്ഞു. അതേസമയം പരാമര്‍ശം ആവര്‍ത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകന്‍ പറഞ്ഞു.

എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയില്‍ ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ കോടതിയെ അറിയിച്ചു. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും മജിസ്‌ട്രേറ്റ് കോടതി താന്‍ ഹാജരാക്കിയ രേഖകള്‍ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂര്‍ കോടതിയെ അറിയിച്ചു. അടിയന്തരമായി ഹര്‍ജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ചോദിച്ച ഹൈക്കോടതി ചൊവ്വാഴ്ച വരെ ജയിലില്‍ തുടരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത ശേഷം എറണാകളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വയനാട്ടിലെ ഫാം ഹൗസില്‍ നിന്ന് ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെയാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ എടുത്തത്.

ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ എടുക്കാന്‍ രാവിലെ നാല് മണി മുതല്‍ തന്നെ പൊലീസ് വയനാട്ടിലെ ബോബിയുടെ ഫാം ഹൗസില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ബോബി ചെമ്മണ്ണൂര്‍ ഒളിവില്‍ പോകുന്നത് മുന്‍കൂട്ടി കണ്ടുകൊണ്ടും കൂടിയായിരുന്നു ഈ നീക്കം. റിസോര്‍ട്ടില്‍ നിന്ന് ബോബി ചെമ്മണ്ണൂര്‍ പുറത്തുപോകാന്‍ തയ്യാറെടുക്കുമ്പോള്‍ പൊലീസ് കാര്‍ വളഞ്ഞ് പിടികൂടുകയായിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസും വയനാട് എസ്പി തപോഷ് ബസുമതാരിയുടെ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് ബോബിയെ കസ്റ്റഡിയില്‍ എടുത്തത്.

ഹണി റോസ് പരാതി നല്‍കിയതിന് പിന്നാലെ തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കുന്നുവെന്നും ഹണി റോസിനെ മോശമായി ചിത്രീകരിക്കണമെന്ന് കരുതിയായിരുന്നില്ല തന്റെ പരാമര്‍ശമെന്നും ബോബി ചെമ്മണ്ണൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )