ജയേട്ടന് എനിക്ക് ജ്യേഷ്ഠന്, അനിയനെപ്പോലെ എന്നെ ചേര്‍ത്തുപിടിക്കും; മോഹന്‍ലാല്‍
കൊച്ചി: അന്തരിച്ച മലയാളത്തിന്റെ ഭാവ ഗായകന് പി ജയചന്ദ്രനെ ഓര്‍ത്ത് നടന് മോഹന്‍ലാല്‍. ജയചന്ദ്രന് ജ്യേഷ്ഠ സഹോദരന് ആയിരുന്നു. ജയേട്ടന് മിക്കപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങള്‍ പാടി കേള്‍പ്പിക്കുമായിരുന്നുവെന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘പ്രിയപ്പെട്ട ജയേട്ടന് വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകന് ആയി മാറിയ ജയേട്ടന് എനിക്ക് ജ്യേഷ്ഠ സഹോദരന് തന്നെ ആയിരുന്നു. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേര്‍ത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടന് മിക്കപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങള്‍ പാടി കേള്‍പ്പിക്കും. അനിയനെപ്പോലെ എന്നെ ചേര്‍ത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങള്‍ മാത്രമേ എനിക്കുവേണ്ടി ജയേട്ടന് സിനിമയില്‍ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകള്‍ ഏറ്റെടുത്തത് എന്റെ സൗഭാഗ്യമായി കരുതുന്നു. ശബ്ദത്തില്‍ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങള്‍ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം’, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.