മാതാപിതാക്കളുടെ ധീരമായ പോരാട്ടം ഫലം കണ്ടു. സിപിഎമ്മിന് മുഖത്തേറ്റ പ്രഹരം; പെരിയ കേസിലെ വിധിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍
തിരുവനന്തപുരം: പെരിയ ഇരട്ട കൊലപാതകത്തിലെ സിബിഐ കോടതി വിധിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ‘മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന് കുറ്റക്കാരന്‍ എന്നത് സിപിഎമിന് മുഖത്തേറ്റ പ്രഹരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. വിധിയെ സ്വാഗതം ചെയുന്നുവെന്നും സിബിഐ വന്നതുകൊണ്ടാണ് കേസ് തെളിഞ്ഞതെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിബിഐ വന്നതിന് ശേഷമാണ് പൊലീസ് ആയുധം പരിശോധനക്കായി നല്‍കുന്നത്. സര്‍ക്കാര്‍ ചെലവില്‍ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടന്നത്.
മാതാപിതാക്കളുടെ ധീരമായ പോരാട്ടം ഫലം കണ്ടു. സിബിഐ അന്വേഷണം നടക്കാതിരിക്കാന്‍ സിപിഐഎം പതിനെട്ട് അടവും പയറ്റി പരാജയപ്പെട്ടുവെന്നും വെറുതെ വിട്ടവര്‍ക്കെതിരെയുള്ള നിയമപോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തിലും സിപിഐഎം യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നതാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അതേ സമയം, പെരിയ കൊലപാതക കേസുമായി ബന്ധപ്പെട്ട കോടതി വിധിയില്‍ നീതി പൂര്‍ണമായും നടപ്പിലായെന്ന് പറയാനാവില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. നിയമപോരാട്ടം മുന്നോട്ട് പോകണമെന്നാണ് തന്റെ അഭിപ്രായം. കുടുംബവുമായി ആലോചിച്ച് എന്ത് ചെയ്യണമെന്ന് പാര്‍ട്ടി തീരുമാനിക്കും. പെരിയയിലേത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണ്. പ്രതികള്‍ക്ക് ഒത്താശ ചെയ്ത സി പി എമ്മിന് ഇതില്‍ നിന്ന്കൈ കഴുകാനാവില്ല. കേസില്‍ ഇനിയും പ്രതികള്‍ ഉണ്ടെന്നും, മുഴുവന്‍ പേരെയും ശിക്ഷിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു.
കോടതി വിധിയെ സ്വാഗതം ചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത് എത്തി. വെറുതെ വിട്ട പ്രതികളെയും ശിക്ഷിക്കണമായിരുന്നു. വെറുതെ വിട്ടവരും കുറ്റക്കാരാണെന്ന് സ്ഥാപിക്കും വരെ പോരാട്ടം തുടരും. തുടക്കം മുതല്‍ തന്നെ ഈ കേസ് അട്ടിമറിക്കാന്‍ പലവിധ ശ്രമങ്ങള്‍ നടന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന് റിപ്പോര്‍ട്ടറോട് പ്രതികരിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തേണ്ട സംഭവമാണിത്. സാക്ഷികള്‍ കൂറ് മാറുന്നത് പോലെ പ്രോസിക്യൂട്ടറും കൂറ് മാറിയ കേസാണിത്. മുഖ്യമന്ത്രി രാജിവയ്ക്കണം അല്ലെങ്കില്‍ അക്രമരാഷ്ട്രീയത്തിന്റെ ആയുധം താഴെയിടണം. മുഖ്യമന്ത്രി അറിഞ്ഞാണ് കോടികള്‍ ചെലവഴിച്ച് സിബിഐ അന്വേഷണത്തെ എതിര്‍ത്തത്. സിപിഐഎമ്മിന്റെ സംസ്ഥാന നേതൃത്വം അറിഞ്ഞതാണ് കൊലപാതകം നടത്തിയത്. ഒരിക്കലും സിപിഐഎം പാഠം പഠിക്കുമെന്ന് കരുതുന്നില്ല. സിപിഐഎമ്മിനെ ഒറ്റപ്പെടുത്തിയാലെ ഇനി ഇതിനെ നേരിടാന്‍ കഴിയൂ.’ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
സിപിഐഎം അക്രമ പാര്‍ട്ടിയാണെന്ന് വീണ്ടും തെളിഞ്ഞുവെന്നും പ്രതികളെ രക്ഷിക്കാന്‍ സിപിഐഎം നടത്തിയ ശ്രമങ്ങള്‍ പൊളിഞ്ഞുവീണുവെന്നും കോണ്‍ഗ്രസിന്റെ നിയമപോരാട്ടം ശരിയായിരുന്നു എന്ന് തെളിയിച്ചുവെന്നും വിഷയത്തില്‍ ഡീന്‍ കുര്യക്കോസ് എംപിയും അറിയിച്ചു.