മരത്തില്‍ നിന്നും വീണ് യുവാവ് മരിച്ച സംഭവം; വിദഗ്ധ ചികിത്സ നല്‍കിയില്ല, ആശുപത്രിക്കെതിരെ സുഹൃത്തുക്കള്‍
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ സ്വകാര്യ ആശുപത്രിക്കെതിരെ സുഹൃത്തുക്കള്‍. ആശുപത്രിക്ക് അനാസ്ഥയുണ്ടായതായി മരിച്ച അജിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു. അജിനെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചെങ്കിലും വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്നാണ് ആരോപണം.
മരുന്ന് നല്കി വിട്ടയക്കുക മാത്രമാണ് ചെയ്തത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് അജിന് വീട്ടിലേക്ക് പോയതെന്നും സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം അലങ്കരിക്കാനായി മരത്തില്‍ കയറിയ അജിന് താഴെ വീഴുകയും തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ അജിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തലയ്ക്ക് സ്കാന്‍ ചെയ്യുന്നത് അടക്കം വിദഗ്ധ ചികിത്സ നിര്‍ദേശിച്ചിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ലെന്നായിരുന്നു തുടക്കത്തില്‍ പുറത്തുവന്ന വിവരം. പിന്നാലെയാണ് സുഹൃത്തുക്കള്‍ രംഗത്തെത്തുന്നത്. തലയ്ക്ക് ക്ഷതമേറ്റതാകാം മരണകാരണമെന്നാണ് നിഗമനം. അജിന്റെ മൃതദേഹവുമായി നാട്ടുകാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്.