കുട്ടിയുടെ നിലയിൽ പുരോഗതി; അല്ലു അർജുനെയും സർക്കാരിനെയും പിന്തുണക്കുന്നുവെന്ന് പിതാവ്

കുട്ടിയുടെ നിലയിൽ പുരോഗതി; അല്ലു അർജുനെയും സർക്കാരിനെയും പിന്തുണക്കുന്നുവെന്ന് പിതാവ്

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് പിതാവ്. 20 ദിവസത്തിന് ശേഷം കുട്ടി പ്രതികരിച്ചുവെന്ന് പിതാവ് അറിയിച്ചു. കുട്ടിയെ ഓക്സിജന്‍, വെന്റിലേറ്റര്‍ സഹായത്തില്‍ നിന്ന് മാറ്റിയതായും കുട്ടിയുടെ പിതാവ് ഭാസ്‌കര്‍ പറഞ്ഞു. അല്ലു അര്‍ജുനെയും തെലങ്കാന സര്‍ക്കാരിനെയും പിന്തുണക്കുന്നുവെന്നും കുട്ടിയുടെ പിതാവ് പ്രതികരിച്ചു. കുട്ടി കണ്ണു തുറക്കുകയും കൈകാലുകള്‍ സ്വമേധയാ ചലിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഇതുവരെ കുടുംബാംഗങ്ങളെ തിരിച്ചറിയാന്‍കഴിഞ്ഞിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച് രേവതിയുടെ മകനാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം നിര്‍മാതാക്കളെത്തി കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കിയിരുന്നു. മൈത്രി മൂവിടെ മേക്കേഴ്‌സ് ആണ് നഷ്ടപരിഹാരം നല്‍കിയത്. നേരത്തെ നടന്‍ അല്ലു അര്‍ജുനും കുടുംബത്തിന് സഹായം നല്‍കിയിരുന്നു. ആശുപത്രിച്ചിലവുകള്‍ പൂര്‍ണമായും ഏറ്റെടുക്കുമെന്നാണ് നടന്റെ ഉറപ്പ്.നേരത്തെ ഈ കുടുംബത്തെ സഹായിക്കാന്‍ അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ സംവിധായകന്‍ സുകുമാറും ഭാര്യ തബിതയും 5 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.

ഈ മാസം 4ന് ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലാണ് കേസിനാസ്പദമായ സംഭവം. പുഷ്പ 2 ചിത്രത്തിന്റെ പ്രിമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രിമിയര്‍ ഷോ കാണാന്‍ എത്തിയത്. അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി തിയേറ്ററിലേക്ക് എത്തുകയും ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തതാണ് രേവതിയുടെ മരണത്തിനു വഴിയൊരുക്കിയത്. സന്ധ്യാ തിയേറ്റര്‍ ഉടമ, മാനേജര്‍, സെക്യൂരിറ്റി ഇന്‍ ചാര്‍ജ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തൊട്ടുപിന്നാലെ അല്ലു അര്‍ജുനെ കേസില്‍ പ്രതി ചേര്‍ക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ദിവസം ജയിലില്‍ കിടന്ന ശേഷമാണ് അല്ലു പുറത്തിറങ്ങിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )