പുഷ്പ2 പ്രദർശനത്തിനിടയിലെ അപകടം; അല്ലു അർജ്ജുൻ്റെ ബൗൺസർമാർ ജനക്കൂട്ടത്തെ മർദ്ദിച്ചു; ബൗൺസർ ആൻ്റണി അറസ്റ്റിൽ
ഹൈദരാബാദ്: പുഷ്പ 2 പ്രത്യേക പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുന്റെ ബൗണ്‍സറായ ആന്റണി അറസ്റ്റില്‍. ആന്റണിയുടെ നേതൃത്വത്തിലുള്ള ബൗണ്സര്മാര് ആരാധകരെ തള്ളുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവ സമയത്ത് തിയേറ്ററിന്റെ നിയന്ത്രണം പൂര്‍ണമായും ബൗണ്സര്മാര് ഏറ്റെടുത്തിരുന്നു.
അതേസമയം, സന്ധ്യ തിയേറ്ററിലെ തിരക്ക് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നതോടെ അല്ലു അര്‍ജുനെതിരായ കുരുക്ക് മുറുകുന്നുവെന്ന് സൂചന. ഇടുങ്ങിയ ഗേറ്റിലൂടെ ആളുകള്‍ തിക്കിത്തിരക്കുന്ന ദൃശ്യങ്ങളും അല്ലു അര്‍ജുന്റെ ബൗണ്സര്മാര് ആളുകളെ മര്‍ദിക്കുന്നതും പുതിയ ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ പൊലീസിന് മുന്നില്‍ ഹാജരായ അല്ലു അര്‍ജ്ജുന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. അല്ലു അര്‍ജുനെ സന്ധ്യ തിയേറ്ററില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തേക്കും. സംഭവം പൊലീസ് പുനരാവിഷ്കരിക്കാനും സാധ്യതയുണ്ട്.
പൊലീസിന് മുന്‍പാകെ ഇന്ന് ഹാജരായ നടന് അല്ലു അര്ജുന് രേവതിയുടെ മരണം ഖേദകരമാണെന്നും നടനെന്ന നിലയില്‍ അതിനു ഉത്തരവാദി ആകരുതായിരുന്നുവെന്നും മൊഴി നല്കി.അനുമതി അനുമതി ഇല്ലാതിരുന്നിട്ടും എന്തിന് റോഡ് ഷോ നടത്തി എന്ന് പൊലീസ് ചോദിച്ചപ്പോള്‍ അനുമതി ഉണ്ടെന്നാണ് തിയേറ്ററില്‍ നിന്ന് ലഭിച്ച വിവരമെന്നായിരുന്നു അല്ലു അര്‍ജുന്റെ മറുപടി. രേവതിയുടെ മരണം താന്‍ പിറ്റേ ദിവസമാണ് അറിഞ്ഞത്. പൊലീസ് തന്നെ നേരത്തെ മരണം അറിയിച്ചു എന്നത് കള്ളമാണെന്നും അല്ലു അര്ജുന് പറഞ്ഞു.
ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലായിരുന്നു സംഭവം നടന്നത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39)യാണ് തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഭര്‍ത്താവ് ഭാസ്കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. ഇതിനിടെ അല്ലു അര്ജുന് അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു. തിയറ്ററിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ രേവതിയും മകന് ശ്രീതേജും കുഴഞ്ഞുവീഴുകയായിരുന്നു. രേവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.