വടകരയിൽ കാരവനിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; ഫോറൻസിക് പരിശോധന ഇന്ന്
വടകരയെ നടുക്കിയ സംഭവമാണ് തിങ്കളാഴ്ച രാത്രി നടന്നത്. വഴിയരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ നടുക്കത്തിലാണ് നാട്ടുകാര്‍. സംഭവത്തില്‍ മരണകാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. കരിമ്പനപ്പാലത്താണ് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേരെ കണ്ടെത്തിയത്. മരണകാരണം പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. എ.സി.യിട്ട് ഉറങ്ങിയപ്പോള്‍ ഉള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് നിറഞ്ഞ് അത് ശ്വസിച്ചതാകാം മരണത്തിനിടയാക്കിയതെന്ന സംശയമുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനോജ്, കാസര്‍കോട് സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. വാഹനത്തിന്റെ മുന്നിലെ പടിയിലും പിന്‍ഭാഗത്തുമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ടു ദിവസമായി റോഡരികില്‍ വാഹനം നിര്‍ത്തിയിട്ട നിലയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് പ്രദേശവാസികള്‍ക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഫോറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരെല്ലാം ഇന്ന് വിശദമായ പരിശോധന നടത്തും. രാത്രിയിലുള്ള പരിശോധന ഫലപ്രദമാകില്ലെന്നതിനാലാണ് എല്ലാ പരിശോധനയും പകല്‍സമയത്തേക്ക് മാറ്റിയത്. റൂറല്‍ എസ്.പി. പി. നിധിന്‍രാജ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ രാത്രിതന്നെ സ്ഥലത്തെത്തി. ദേശീയപാതയില്‍ കരിമ്പനപ്പാലത്തെ കെ.ടി.ഡി.സി. റസ്റ്ററന്റിലേക്ക് പോകുന്ന വഴിയുടെ തുടക്കത്തില്‍ത്തന്നെയാണ് വണ്ടി നിര്‍ത്തിയത്.
മൃതദേഹം കാണുമ്പോള്‍ എ.സി. ഓണായനിലയിലായിരുന്നു. പാര്‍ക്കിങ് ലൈറ്റും കത്തിയിരുന്നു. ഈ സാധ്യതകളെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്.