പി കെ ശശിക്കെതിരെ അച്ചടക്ക നടപടി; രണ്ട് ചുമതലകളിൽ നിന്ന് മാറ്റി സിപിഐഎം

പി കെ ശശിക്കെതിരെ അച്ചടക്ക നടപടി; രണ്ട് ചുമതലകളിൽ നിന്ന് മാറ്റി സിപിഐഎം

പാര്‍ട്ടി നടപടി നേരിട്ട പി.കെ ശശിയെ രണ്ടു പദവികളില്‍ നിന്ന് കൂടി നീക്കി. സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയന്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ നിന്നാണ് നീക്കിയത്. പകരം സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി എന്‍ മോഹനന്‍ സിഐടിയു ജില്ലാ പ്രസിഡന്റാകും. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റാണ് നടപടി സ്വീകരിച്ചത്. കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്ന പി കെ ശശിയെ മാറ്റുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് നിലപാട് സ്വീകരിച്ചിരിക്കുന്നത്. അഴിമതി നടത്തിയെന്ന അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് പികെശശിയെ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയില്‍ നിന്നും ഒഴിവാക്കിയത്.

സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഷൊര്‍ണൂര്‍ എംഎല്‍എയുമായിരുന്ന പി.കെ.ശശിക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തക പീഡന പരാതി നല്‍കിയതോടെ ശശിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു മുന്‍പു സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം സെക്രട്ടേറിയറ്റിലേക്കു തിരിച്ചെടുത്തെങ്കിലും പിന്നീട് വിഭാഗീയതയുടെ പേരില്‍ ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. തുടര്‍ന്ന്, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷൊര്‍ണൂരില്‍ സീറ്റ് നിഷേധിച്ചു. ഇതിനു പകരമായാണ് കെടിഡിസി ചെയര്‍മാന്‍ സ്ഥാനം നല്‍കിയത്.

അതേസമയം കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പി കെ ശശിയെ മാറ്റണമെന്ന് പാലക്കാട് സിപിഐഎം സെക്രട്ടേറിയേറ്റില്‍ നേരത്തെയും ആവശ്യം ഉയര്‍ന്നിരുന്നു. സംസ്ഥാന നേതൃത്വത്തിന് ജില്ലാ നേതൃത്വം ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയിരുന്നു. പി കെ ശശിയെ സിഐടിയു നേതൃത്വത്തില്‍ നിന്ന് മാറ്റണമെന്ന ആവശ്യവും നടപടിക്ക് പിന്നാലെ ഉയര്‍ന്നിരുന്നു. കെടിഡിസി ചെയര്‍മാന്‍ പദവി രാജിവേക്കേണ്ടതില്ലെന്നായിരുന്നു നേരത്തെ പി കെ ശശിയുടെ പ്രതികരണം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )