ബിപിൻ റാവത്തിന്റെ മരണം; ഹെലികോപ്ടർ അപകടം മനുഷ്യപ്പിഴവ് മൂലമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടം മനുഷ്യപ്പിഴവ് മൂലമെന്ന് റിപ്പോർട്ട്. ചൊവാഴ്ച ലോക്‌സഭയിൽ സമർപ്പിച്ച പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. എയർക്രൂവിന് സംഭവിച്ച പിഴവാണ് അപകടകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2021 ഡിസംബർ എട്ടിന് തമിഴ്‌നാട്ടിലെ കൂനൂരിലെ മലമുകളിലാണ് ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും യാത്രചെയ്തിരുന്ന ഹെലികോപ്ടർ തകർന്നുവീണത്.
11 പേരാണ് അപകടത്തിൽ മരിച്ചത്. പ്രതിരോധ മന്ത്രിയുടെ പ്രധാന ഉപദേഷ്ടാവായിരുന്നു സംയുക്ത സേനാ മേധാവിയായ ബിപിന്‍ റാവത്ത്. വലിയ വിവാദങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി കേന്ദ്ര സര്‍ക്കാര്‍ ബിപിന്‍ റാവത്തിനെ നിയമിച്ചത്. നിയമനത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി വാദ പ്രതിവാദങ്ങള്‍ നടന്നിരുന്നു. കരസേന മേധാവിയായി വിരമിക്കാനിരിക്കെ പ്രായപരിധി ഉള്‍പ്പടെ ഭേദഗതി ചെയ്ത് സുപ്രധാന പദവിയില്‍ ബിപിന്‍ റാവത്തിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതും വലിയ വിവാദമായിരുന്നു. 2015ല്‍ നാഗലാൻഡിൽ നടന്ന ഒറ്റ എന്‍ജിന്‍ ഹെലികോപ്റ്റർ അപകടത്തില്‍ നിന്ന് അത്ഭുതകരമായാണ് ബിപിൻ റാവത്ത് രക്ഷപ്പെട്ടത്.