നിത അംബാനിയുടെ ബോഡി ഗാര്‍ഡിനോട് കയര്‍ത്ത വീട്ടമ്മ സോഷ്യല്‍ മീഡിയയ്ക്ക് ഹീറോ

നിത അംബാനിയുടെ ബോഡി ഗാര്‍ഡിനോട് കയര്‍ത്ത വീട്ടമ്മ സോഷ്യല്‍ മീഡിയയ്ക്ക് ഹീറോ

പാര്‍ട്ടി സമ്മേളനമായാലും സിനിമാ നടന്റെ വണ്ടിയായാലും അംബാനിയുടെ ഷോപ്പിങ് ആയാലും വഴിയില്‍ തടസമുണ്ടാക്കിയാല്‍ സാധാരണക്കാര്‍ പ്രതികരിക്കും. കഴിഞ്ഞ കുറച്ചുമണിക്കൂറായി ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സ്റ്റാറായ സാധാരണക്കാരിയെ ചൂണ്ടി നെറ്റിസണ്‍സിന്റെ ചര്‍ച്ച ഇങ്ങനെയാണ്. വഴി തടഞ്ഞ വിഐപിയുടെ കാറിനടുത്തേക്ക് ഒരു സാധാരണക്കാരി പാഞ്ഞെത്തുകയും വിഐപിയുടെ ബോഡി ഗാര്‍ഡുമാരില്‍ ഒരാളോട് തര്‍ക്കിക്കുകയും ചെയ്യുന്ന വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. റോഡില്‍ ബ്ലോക്കുണ്ടായിരുന്ന കാര്‍ ആരുടേതെന്നോ? ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ.

കുറച്ച് സാരി ഷോപ്പിംഗിനായാണ് നിത അംബാനി ബംഗളൂരുവിലെ ഡിസൈനര്‍ സാരി ബോട്ടീക് ഹൗസ് ഓഫ് അന്‍ഗാഡിയിലെത്തിയത്. റിലൈന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടറായ നിത ഷോപ്പിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയതോടെ കടയില്‍ നിന്നുള്ള ജീവനക്കാരും നാട്ടുകാരും ഉള്‍പ്പെടുന്ന ഒരു ചെറിയ ജനക്കൂട്ടം ചുറ്റുംകൂടി. കൈകൂപ്പി തൊഴുത് സ്നേഹം പ്രകടിപ്പിച്ച് നിത പുറത്തേക്ക് ഇറങ്ങുന്ന നേരത്തൊക്കെയും അവരുടെ ബുള്ളറ്റ് പ്രൂഫ് മേഴ്സിഡസ് കാര്‍ ബ്ലോക്കുണ്ടാക്കുകയായിരുന്നു.

ഈ സംഭവങ്ങളൊക്കെ നടക്കുമ്പോഴാണ് വഴി തടസപ്പെട്ടതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് ഒരു സ്ത്രീ കാറിനടുത്തേക്ക് വരികയും നിതയുടെ ബോഡി ഗാര്‍ഡുമാരോട് കയര്‍ക്കുകയും ചെയ്തത്. ഇത് കൃത്യമായി വിഡിയോയില്‍ പതിഞ്ഞു. അംബാനിയായാലും ഭാര്യയായാലും ആരായാലും വഴി തടഞ്ഞാല്‍ ഞങ്ങള്‍ സാധാരണക്കാര്‍ പ്രതിഷേധിക്കുമെന്ന് ഈ വിഡിയോ അടിവരയിടുന്നതായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം അഭിപ്രായപ്പെട്ടു. ഇവരൊരു ഒന്നൊന്നര ഹീറോയാണെന്ന് വിഡിയോയ്ക്ക് അടിയില്‍ നിരവധി കമന്റുകളുമുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )