മുംബൈ ബോട്ടപകടം; രക്ഷിതാക്കളെ കാണാനില്ലെന്ന് ആറ് വയസുകാരൻ; മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം

മുംബൈ ബോട്ടപകടം; രക്ഷിതാക്കളെ കാണാനില്ലെന്ന് ആറ് വയസുകാരൻ; മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം

മുംബൈ ബോട്ടപകടത്തില്‍ മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം. കേരളത്തില്‍ നിന്നാണെന്നും, രക്ഷിതാക്കളെ കാണാനില്ലെന്നും ചികിത്സയിലുള്ള ഒരു ആറ് വയസ്സുകാരന്‍ പറഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉറാനിലെ ജെഎന്‍പിടി ആശുപത്രിയിലാണ് കേവല്‍ എന്ന ആറുവയസുകാരന്‍ ഉള്ളത്.

അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നതായും സൈറ്റ് സീയിങ്ങിനായി പോയതാണെന്നുമാണ് ആറ് വയസുകാരന്‍ പറഞ്ഞത്. രക്ഷിതാക്കള്‍ എവിടെയാണെന്നതില്‍ ഒരു വ്യക്തതയുമില്ല. അപകടത്തില്‍ പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ആളുകളെ എത്തിച്ചിരുന്നു. ഇത്തരത്തില്‍ ഏതെങ്കിലും ആശുപത്രിയില്‍ രക്ഷിതാക്കള്‍ ഉണ്ടോയെന്നും പരിശോധന നടക്കുന്നുണ്ട്. കുട്ടിയുടെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. കുട്ടിയെ തിരിച്ചറിയുന്ന നാട്ടിലുള്ളവര്‍ 6235968937എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

അറബിക്കടലില്‍ മുംബൈ തീരത്ത് യാത്രാബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ഇതുവരെ 13 പേരാണ് മരിച്ചത്. ഉല്ലാസ യാത്രക്കായി എലഫെന്റ് കേവിലേക്ക് പോയ യാത്രാ ബോട്ടില്‍ നാവിക സേനയുടെ സ്പീഡ് ബോട്ട് ഇടിച്ചായിരുന്നു അപകടം. 110 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ചികിത്സയില്‍ ഉള്ളവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. 20 പേര്‍ക്ക് പരുക്കേറ്റിരുന്നു. എന്‍ജിന്‍ ട്രയല്‍ നടത്തുന്ന ബോട്ടാണ് യാത്ര ബോട്ടില്‍ ഇടിച്ചതെന്ന് നാവികസേന വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ഇടിയുടെ അഘാതത്തില്‍ ബോട്ട് മറഞ്ഞായിരുന്നു അപകടം ഉണ്ടായത്.

‘നീല്‍കമല്‍’ എന്ന ബോട്ടാണ് മറിഞ്ഞത്. നാവികസേനയുടെ ബോട്ടില്‍ 2 നാവികസേനാംഗങ്ങളും എന്‍ജിന്‍ വിതരണം ചെയ്ത സ്ഥാപനത്തിലെ 4 അംഗങ്ങളും ഉള്‍പ്പെടെ ആറു പേരായിരുന്നു ഉണ്ടായിരുന്നത്. നവി മുംബൈയിലെ ഉറാന് സമീപമാണ് അറബിക്കടലില്‍ ബോട്ട് മുങ്ങിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )