‘അത്ഭുതപ്പെടുത്തുന്നു’; ഹെലികോപ്റ്റർ അനുവദിച്ചതിന് തുക ആവശ്യപ്പെട്ട കേന്ദ്ര നടപടിക്കെതിരെ ഹെെക്കോടതി
കൊച്ചി: വയനാട് ദുരന്തത്തിന് പിന്നാലെ മുന്‍കാല രക്ഷാപ്രവര്‍ത്തനത്തിന് കേരളം ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന്റെ 132 കോടി രൂപ ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ഹൈക്കോടതി. 2006, 2016, 2017 വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ കേന്ദ്രം ആവശ്യപ്പെടുന്നതെന്ന് ഡിവിഷന് ബെഞ്ച് ചോദിച്ചു.
വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നു. വയനാട് ദുരന്തത്തിന്റെ സഹായ ആവശ്യം മുന്നിലുള്ളപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തുക ആവശ്യപ്പെടുന്നത്. ഇത്രയും വര്‍ഷം കാത്തിരുന്നല്ലോ, അടുത്ത ആറ് മാസം എങ്കിലും കാത്തിരുന്നിട്ട് തുക ചോദിച്ചാല്‍ പോരേയെന്നും കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. ഒരു ദുരന്തത്തെ നേരിടാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് മറ്റൊരു വഴിക്ക് ഈ തുക ആവശ്യപ്പെടുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിശദീകരണം തേടി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് അറിയിച്ചു.
ദുരന്ത നിവാരണ ചട്ടങ്ങളില്‍ അനിവാര്യമായ ഇളവുകള്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ വ്യക്തത വരുത്തി കേന്ദ്രത്തിന് കണക്ക് നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്കിയ കത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കി. സംസ്ഥാന സര്‍ക്കാരിന്റെ കത്ത് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നടപടിക്രമം പാലിച്ച് ഇന്നുതന്നെ കത്തയക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്റെ മറുപടി നല്കി.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ജനുവരി പത്തിന് വീണ്ടും പരിഗണിക്കും. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട 132 കോടി രൂപയില്‍ 2006ലെ ഹെലികോപ്റ്റര്‍ വാടകയും ഉള്‍പ്പെടുന്നു. 2006 ഫെബ്രുവരി ഏഴിന് ഹെലികോപ്റ്റര്‍ വഴി ആളുകളെ എയര്‍ ലിഫ്റ്റ് ചെയ്തതിനാണ് 4.58 ലക്ഷം രൂപയുടെ ബില്‍. വയനാട് ദുരന്തത്തിലെ ദുരിതാശ്വാസത്തിനായി മൂന്ന് ദിവസത്തെ ബില്‍ തുക 91.52 ലക്ഷം രൂപ. തുക ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയം അയച്ച കത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കി. വയനാട് ദുരന്തത്തിന് പിന്നാലെ ഒക്ടോബര്‍ 12നാണ് കേന്ദ്ര സര്‍ക്കാര്‍ തുക നല്‍കാനാവശ്യപ്പെട്ടത്.